കൊച്ചി: ചെങ്ങോലപ്പാടം റെയില്‍വേ മേല്‍പാലത്തിന്റെ അപ്രോച്ച് റോഡിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. വ്യത്യസ്ത വ്യക്തികളില്‍ നിന്നായി ഏറ്റെടുക്കുവാനുള്ള 142 സെന്റ് ഭൂമി ആളുകളുടെ സമ്മതമനുസരിച്ച് ലാന്റ് പര്ച്ചേസ്മെന്റ് ആക്ട് പ്രകാരവും ഇതിന് സാധിക്കാത്ത ഭൂമി 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചും ഏറ്റെടുത്ത് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന് കൈമാറും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമൂഹ്യ പ്രത്യാഘാത വിലയിരുത്തലിനായുള്ള പൊതു യോഗത്തില്‍ സ്ഥലമുടമകളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചു.
സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിനായാണ് ബന്ധപ്പെട്ട വ്യക്തികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നത്. ഈ വര്‍ഷം നവംബര്‍ മാസത്തിനുള്ളില്‍ സ്ഥലം ആര്.ബി.ഡി.സി ക്ക് കൈമാറി അപ്രോച്ച് റോഡിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.
മണ്ണിട്ട് നികത്തിയുളള റോഡ് നിര്‍മ്മാണത്തിന് പകരം ചെങ്ങോലപാടത്തിന്റെ നീരൊഴുക്കിന് തടസ്സമുണ്ടാകാത്തവിധം മെട്രോ നിര്‍മ്മാണത്തിന് സമാനമായി വലിയതൂണുകളിലായിരിക്കും പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. 2019 ആദ്യമാസങ്ങളില്‍ തന്നെ പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പാലത്തിന്റെ നിര്‍മ്മാണത്തിന് അടിയന്തര പ്രാധാന്യം നല്കി ഉടന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുവാനാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നും കോട്ടയത്തുനിന്നുമുള്ള റോഡ് യാത്ര മേല്‍പാലം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സൗകര്യപ്രദമാകും. ഈ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കരിങ്ങാച്ചിറ സീ പോര്‍ട്ട് എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര സൂഗമമാക്കാന് മേല്‍പാലം അത്യാവശ്യമാണ്. ഏറെ ഗതാഗത തിരക്കുള്ള ഈ റോഡില്‍ നിലവിലുള്ള റെയില്‍വേ ക്രോസ് വലിയ ഗതാഗതകുരുക്കിന് കാരണമാകുന്നു. ശബരിമല തീര്‍ത്ഥാടന കാലത്തും മറ്റും ഈ റോഡില്‍ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.
അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യ പ്രത്യാഘാത വിലയിരുത്തലിനുള്ള പൊതു യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി സൈമണ്‍, നാഷണല്‍ ഹൈവേ ഉദ്യാഗസ്ഥ മിനി എന്‍.എ, ആര്.ബി.ഡി.സി ഡെപ്യൂട്ടി തഹസില്‍ദാര്‍ മാത്യു എം.വി, മാനേജര്‍ മിധുന് ജോസഫ്, നാഷണല്‍ ഹൈവേ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹരികുമാര്‍, മുളന്തുരുത്തി വില്ലേജ് ഓഫീസര്‍ കെ.എം സജീവന്, പഞ്ചായത്ത് സെക്രട്ടറി സി.എസ് ശോശാമ, പഞ്ചായത്തംഗങ്ങളായ ബിനോയ് ഹരിദാസ്, മരിയന്‍ വര്‍ഗ്ഗീസ്, വി.കെ വേണു, ചെറിയാന്, ജോര്‍ജ് മാണി, ജോണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.