കൊച്ചി: പി.എസ്.സിയുടെ എറണാകുളം ജില്ല, റീജിയണല്‍ ഓഫീസുകള്‍ ഇനി മുതല്‍ ഇ ഓഫീസുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ പേപ്പര്‍ രഹിത ഓഫീസ് എന്ന ആശയം അടിസ്ഥാനമാക്കി നടപ്പാക്കിയ പദ്ധതി പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ ഉദ്ഘാടനം ചെയ്തു. കൃത്യതയിലും കാര്യക്ഷമതയിലും പദ്ധതി മുന്‍പന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തിലാണ് കേരളത്തിലെ പി.എസ്.സി പ്രവര്‍ത്തിക്കുന്നത്. പി.എസ്.സിയുടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഇ ഓഫീസ് കേരളത്തിന്റേതാണ്. ആത്മാര്‍ത്ഥതയുള്ള അഴിമതിയുടെ കറപുരളാത്ത ജീവനക്കാര്‍ തന്നെയാണ് കേരളത്തിലെ പി.എസ്.സി യുടെ വിജയം. സ്ഥാപനത്തിന്റെ പ്രവര്‍ത്തന മികവ് പടിപടിയായി വര്‍ധിപ്പിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ ക്ഷേമം മാത്രമാണ് പി.എസ്.സിയുടെ ലക്ഷ്യം. അവര്‍ക്ക് വേഗത്തില്‍ അറിയിപ്പുകള്‍ നല്‍കുന്നതിന് കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനമാണ് പി.എസ്.സി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഓഫീസില്‍ നിന്നും ഒരു കത്ത് ഇ-ഓഫീസ് വഴി പട്ടത്തേക്കുള്ള ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താണ് പദ്ധതിയുടെ ഉദ്ഘാടനം. ഇ-ഓഫീസിന്റെ ആദ്യഘട്ടം മാര്‍ച്ച് 12ന് പട്ടം ഓഫീസില്‍ നിന്നും ആരംഭിച്ചു.
ഒരു കോടിയിലേറെ ഉദ്യോഗാര്‍ത്ഥികള്‍ ആശ്രയിക്കുന്ന സ്ഥാപനമാണ് പി.എസ്.സി. അവരുടെ ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ഓഫീസ് ആശയം കണ്ടെത്തിയത്. പദ്ധതിയുടെ ആദ്യ പഠിതാക്കള്‍ ചെയര്‍മാനും മെമ്പര്‍മാരും തന്നെയായിരുന്നു. തിരുവനന്തപുരത്ത് ഇഓഫീസിന്റെ വരവോടെ നിലനിന്നിരുന്ന ഫയലുകള്‍ എല്ലാം മാറ്റുന്ന പ്രക്രിയ 25 ശതമാനം പൂര്‍ത്തീകരിച്ചു. ഇതുവഴി ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ ആരോഗ്യപരമായ അന്തരീക്ഷം കൂടി ലഭ്യമാകുന്നു.
വളരെ എളുപ്പത്തില്‍ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്നു എന്നത് ഇ-ഓഫീസിന്റെ പ്രത്യേകതയാണ്. ഫയലുകളുടെ നീക്കം അറിയാന്‍ കഴിയും. ഫയല്‍ ഉദ്യോഗസ്ഥന്റെ പക്കല്‍ എത്തിയതും എത്ര നാള്‍ കൈയില്‍ കരുതിയെന്നും ഫോര്‍വേഡ് ചെയ്തത് എന്ന് എന്നതിനെല്ലാം രേഖകള്‍ ഇ-ഓഫീസിലൂടെ ലഭിക്കും.
പരീക്ഷാ ഫലങ്ങള്‍ പോലെയുള്ള വളരെ രഹസ്യമായ കാര്യങ്ങള്‍ ഒഴികെ ബാക്കിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇ-ഓഫീസ് വഴി നടപ്പാക്കാന്‍ വേണ്ടിയാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ കൃത്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ കഴിയും. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ (എന്‍.ഐ.സി) സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ഓഫീസിലും ആറ് മാസത്തേക്ക് എന്‍.ഐ.സിയില്‍ നിന്നുള്ള ഒരു ടെക്‌നിക്കല്‍ സ്റ്റാഫ് ഉണ്ടാകും. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതിക സഹായവും പരിശീലനവും നല്‍കുന്നതിനാണ് ഇവരെ നിയമിക്കുന്നത്. അടുത്ത മാസത്തോടെ എല്ലാ ജില്ലാ ഓഫീസുകളുടെയും ഇ-ഓഫീസ് ഉദ്ഘാടനം പൂര്‍ത്തിയാകും. പദ്ധതിയുടെ സമാപന പരിപാടികള്‍ മലപ്പുറത്ത് വച്ച് നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ ഓഫീസര്‍ വി.എന്‍ ചന്ദ്രബാബു, മേഖലാ ഓഫീസര്‍ ഹരികൃഷ്ണന്‍ എം.എസ്, അഡീഷണല്‍ സെക്രട്ടറി ആര്‍. രാമകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി എ. രവീന്ദ്രന്‍ നായര്‍, എന്‍.ഐ.സി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്യാമ കെ, മെമ്പര്‍മാരായ സിമ്മി റോസ്‌ബെല്‍ജോണ്‍, അഡ്വ. ഇ രവീന്ദ്രനാഥന്‍, ജി. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: 1) എറണാകുളം പി.എസ്.സി ഓഫീസുകളുടെ ഇ ഓഫീസ് പ്രഖ്യാപനം ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ നിര്‍വ്വഹിക്കുന്നു.
2) എറണാകുളം പി.എസ്.സി ഓഫീസുകളിലെ ഇ ഓഫീസ് പദ്ധതി ഉദ്ഘാടനം തിരുവനന്തപുരത്തേക്ക് ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്തു കൊണ്ട് ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ നിര്‍വ്വഹിക്കുന്നു.