കാക്കനാട്: റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കി സര്‍ക്കാര്‍ സ്വത്ത് തിരിച്ചുപിടിക്കാനുള്ള സംസ്ഥാനതല തീവ്രയജ്ഞത്തിനു തുടക്കമായി. വിവിധ ജില്ലകളിലെ ലോ ഓഫീസര്‍മാര്‍, സ്യൂട്ട് സെല്‍ സീനിയര്‍ സൂപ്രണ്ടുമാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ടി.ജെയിംസ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. റവന്യൂ റിക്കവറി ഇനത്തില്‍ ലഭിക്കേണ്ട തുക ഈടാക്കല്‍, കരാര്‍ അവസാനിച്ച പാട്ടഭൂമി തിരികെ ലഭിക്കല്‍, സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ കൈയ്യേറിയ പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കല്‍ തുടങ്ങിയവ യജ്ഞത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കും.
കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്കെതിരെ ഫയല്‍ ചെയ്തിട്ടുള്ള നിരവധി സിവില്‍ റിവിഷന്‍ പരാതികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭൂസംരക്ഷണം, ഭൂമി പതിവ്, ഭൂമി ഏറ്റെടുക്കല്‍, പോക്കുവരവ്, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം, സര്‍വ്വേ നിയമങ്ങള്‍ പ്രകാരമുള്ള കേസുകളും നിരവധിയാണ്. ഇത്തരം കേസുകള്‍ അനന്തമായി നീളുന്ന സാഹചര്യം ഒഴിവാക്കി പൊതുസ്വത്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുകയാണ് യജ്ഞത്തിന്റെ ലക്ഷ്യം.
ഓരോ ജില്ലകളിലെയും കേസുകള്‍ തീര്‍പ്പാക്കുന്നതിന് ലോ ഓഫീസര്‍മാരെയും കളക്ടറേറ്റിലെ സ്യൂട്ട് സെല്ലില്‍ സീനിയര്‍ സൂപ്രണ്ടുമാരെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ബന്ധപ്പെട്ട ലെയ്‌സണ്‍ ഓഫീസര്‍ മുഖാന്തിരം കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ ലഭ്യമാക്കണം. അവിടെ നിന്നും ലഭിക്കുന്ന രേഖകള്‍ അടിസ്ഥാനമാക്കി ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരാകും.
ഓരോ കേസിലും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ജില്ലയിലെ പ്രതിമാസ സ്യൂട്ട് കോണ്‍ഫറന്‍സുകളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണം. മൂന്നു മാസത്തിനു ശേഷം സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണര്‍ നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തും.
അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍മാരായ എം.എല്‍.സജീവന്‍, കെ.ജെ.മൊഹമ്മദ് അന്‍സാര്‍, എ.ഡി.എം. എം.കെ.കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.