സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. വൈവിധ്യമാര്‍ന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പഞ്ചായത്താണ് ഇരവിപേരൂര്‍. സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പഞ്ചായത്തിന്റെ പദ്ധതി വൈദ്യുതി സ്വയംപര്യാപ്തതയിലേക്കുള്ള പഞ്ചായത്തിന്റെ പ്രയാണത്തിലേക്കുള്ള നിര്‍ണായകമായ ഒരു ചുവടുവയ്പാണ്. 10 മെഗാവാട്ട് വൈദ്യുതിയാണ് ആദ്യഘട്ടത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായുള്ള {പാഥമിക യോഗം തിങ്കളാഴ്ച(9ന്) രാവിലെ 10ന് വള്ളംകുളം ഗ്രാമവിജ്ഞാന കേന്ദ്രത്തില്‍ നടക്കും. നിക്ഷേപക കമ്പനി അംഗങ്ങള്‍, കെ.എസ്.ഇ.ബി അധികൃതര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
50 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലുള്ള 2000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകളുടേയോ സ്ഥാപനങ്ങളുടേയോ മുകളില്‍ നിക്ഷേപക കമ്പനി സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം നടത്താനാണ് ഉദ്ദേശിക്കുന്നത്. പാനല്‍ സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിലേക്കുള്ള വൈദ്യുതി നല്‍കുന്നതോടൊപ്പം ബാക്കി വരുന്നത് കെഎസ്ഇബിക്ക് നല്‍കും. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ആനുപാതിക വിഹിതമായിരിക്കും കെട്ടിട ഉടമയ്ക്ക് ലഭിക്കുക. ഇത്തരത്തില്‍ കെട്ടിടം പാനല്‍ സ്ഥാപിക്കാന്‍ വിട്ട് കൊടുക്കാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാവുന്നതും സംശയനിവാരണം നടത്താവുന്നതുമാണ്.
പദ്ധതി നിലവില്‍ വന്നാല്‍ സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചായത്തായി ഇരവിപേരൂര്‍ മാറും.