എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും. അടുത്ത വർഷം മാർച്ചോടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് റയിൽവേക്ക് കൈമാറും. റയിൽവേയും റവന്യൂ വകുപ്പും ഏകോപിച്ചുള്ള പ്രവർത്തനമായിരിക്കും ഇതിനു വേണ്ടി നടത്തുക.

സെപ്തംബർ 30 നുള്ളിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു. ശേഷം സർവേ നടപടികൾ ആരംഭിക്കാനും നിർദ്ദേശം നൽകി.

ജില്ലയിലെ നാല് വില്ലേജുകളിലായി 5.87 ഹെക്ടർ ഭൂമിയാണ് റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്നത്. എറണാകുളം വില്ലേജിൽ 0.25 ഹെക്ടർ, എളംകുളം വില്ലേജിൽ 1.82 ഹെക്ടർ, മരട് വില്ലേജിൽ 1.21 ഹെക്ടർ കുമ്പളം വില്ലേജിൽ 2.59 ഹെക്ടർ എന്നിങ്ങനെയാണ് ഭൂമി ഏറ്റെടുക്കുന്നത്.

യോഗത്തിൽ റയിൽവേ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൺസ്ട്രക്ഷൻ) ബാബു സക്കറിയാസ്, സ്പെഷ്യൽ തഹസിൽദാർ (എൽ.എ) ജെസി അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു.