മണ്ണും ജലവും സംരക്ഷിക്കുന്നതിന് നടപ്പാക്കുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയ്ക്ക് തിടനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പ ഞ്ചായത്തിലെ രണ്ട്, അഞ്ച്, ആറ്, 11.12.13.14 എന്നീ വാര്‍ഡുകളിലായി 684.95 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി നടത്തിപ്പിന് മുന്നോടിയായി ചിറ്റാറിന്റെ കൈവഴിയായ മാടമല ചൊള്ളംപുറം തോടിന്റെ വൃഷ്ടിപ്രദേശത്ത് ജന പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കർഷകർ പ്രദേശ വാസികൾ തുടങ്ങിയവർ ചേർന്ന് നീരറിവ് യാത്ര നടത്തി.
പൊതു- സ്വകാര്യ ഉടമസ്ഥതയിലുള്ള പുരയിടങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിനും ജലം സംരക്ഷിക്കുന്നതിനുമൊപ്പം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ്ജ് പറഞ്ഞു. കിണര്‍ റീചാര്‍ജ്ജിംഗ്, ഫാം പോണ്ട്-കിണര്‍ നിര്‍മ്മാണം, കമ്പോസ്റ്റ് പിറ്റ് ,സോക് പിറ്റ് , കാലിത്തൊഴുത്ത് ,അസോള ടാങ്ക് എന്നിവയുടെ നിര്‍മ്മാണം, തീറ്റപ്പുല്‍കൃഷി തുടങ്ങിയവയാണ് പ്രധാനമായും പദ്ധതിയിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പും ക്ഷീരവികസന വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.