ഒരു കാലഘട്ടത്തില്‍ കാന്തല്ലൂര്‍ മലനിരകളിലെ പ്രധാന കൃഷിയും വരുമാനമാര്‍ഗ്ഗവുമായിരുന്ന മള്‍ബറി കൃഷി വീണ്ടും വ്യാപിപ്പിക്കുന്നു. ഇടുക്കി ഗ്രാമവികസന വകുപ്പ് ദാരിദ്ര്യ ലഘൂകരണ വിഭാഗം, കാന്തല്ലൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ കാന്തല്ലൂരില്‍ നിന്നുള്ള നിരവധി കര്‍ഷകര്‍ പങ്കാളികളാവുന്നു. കാന്തല്ലൂര്‍ പഞ്ചായത്തില്‍ നടത്തിയ പുതിയ കര്‍ഷകരുടെ സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ സാജു സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണവും വിവിധ സബ്‌സിഡികളുടെ വിതരണവും നിര്‍വ്വഹിച്ചു. ജയ്‌സിന്‍ ജോസഫ് സെറികള്‍ച്ചര്‍ ഓഫീസര്‍, സാങ്കേതിക ക്ലാസ്സുകള്‍ നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.റ്റി തച്ചന്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ മള്‍ബറി കൃഷിക്ക് നല്‍കുന്ന പ്രോത്സാഹനവും കൊക്കൂണ്‍ മാര്‍ക്കറ്റും കൃഷിയിലേക്ക് പുതിയ കര്‍ഷകരുടെ വരവിന് സഹായകമായി.