ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണ പരിശീലനം എളവള്ളിയില്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ് ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണ യൂണിറ്റ് എളവളളിയില്‍ ആരംഭിക്കുന്നത്. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് പരിശീലന ഉദ്ഘാടനം നിര്‍വഹിച്ചു. പരിശീലനം നല്‍കുന്നതിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. പട്ടികജാതി വിഭാഗത്തില്‍പെടുന്ന യുവതി- യുവാക്കള്‍ക്കായി നടപ്പാക്കുന്ന പദ്ധതി സ്വയം സംരംഭകത്വമെന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്.ആദ്യഘട്ട പരിശീലനം തിരഞ്ഞെടുത്ത 10 പേര്‍ക്ക് 15 ദിവസത്തേക്കാണ് സംഘടിപ്പിച്ചത്. എളവള്ളി വിദ്യാ വിഹാര്‍ സ്‌കൂളില്‍ ആരംഭിച്ച പരിശീലന പരുപാടിക്ക് നേതൃത്വം നല്‍കുന്നത് ഗ്രാമപഞ്ചായത്തും ഐഎച്ച്ആര്‍ഡി പരിശീലകരും ചേര്‍ന്നാണ്. ഒരു പ്രൊജക്ട് സ്റ്റാഫും പ്രൊജക്ട് അസിസ്റ്റന്റുമാണ് പരിശീലനം നല്‍കുക. രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെയാണ് പരിശീലന സമയം. തെര്‍മോ മീറ്റര്‍ വിവിധ അസംസ്‌കൃത വസ്തുക്കളാല്‍ എങ്ങനെ നിര്‍മിച്ചെടുക്കാം എന്ന പ്രാക്ടിക്കല്‍ ക്ലാസും തെര്‍മോ മീറ്ററുമായി ബന്ധപ്പെട്ട് അറിയേണ്ട തിയററ്റിക്കല്‍ ക്ലാസ്സുകളും പരിശീലനത്തില്‍ നല്‍കും. ഇതിന് പുറമെ സ്വയം എങ്ങനെ സംരംഭകരാകാം എന്നതിലും ഒരു സംരംഭം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയിലും പരിശീലനം നല്‍കും.
പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സ്ഥിരവരുമാനത്തോടുകൂടിയ ജോലി ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഇതിന്റെ ഭാഗമായി എളവള്ളി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ എസ്റ്റേറ്റില്‍ പരിശീലനം കഴിഞ്ഞാല്‍ ഉടന്‍ സംരംഭകത്വ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ ഡയറക്ടറേറ്റ്, ഐഎച്ച്ആര്‍ഡി എറണാകുളം റീജിയണല്‍ സെന്റര്‍, തൃശൂര്‍ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഇലക്ട്രോണിക്‌സ് ആന്റ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളോടുകൂടിയ പ്ലസ്-ടു ആണ് പരിശീലനം നേടുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്. ഇതോടെ പഞ്ചായത്തിലെ 2-ാം വാര്‍ഡ് മെമ്പര്‍ ശരതും പദ്ധതിയുടെ ഭാഗമാവുകയാണ്. ബി എസ് സി കെമിസ്ട്രിയില്‍ ബിരുദം നേടിയ 26 വയസുകാരന്‍ ശരത് വാര്‍ഡിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വയം തൊഴില്‍ സംരംഭകത്വമെന്ന ആശയം കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുന്നതിനുമാണ് പരിശീലനം നേടുന്നത്. ഇത് കൂടുതല്‍ ആളുകള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും ആവുമെന്നാണ് പ്രതീക്ഷ. യൂണിറ്റില്‍ ഉല്‍പാദിപ്പിക്കുന്ന തെര്‍മോമീറ്ററുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വില്‍പ്പന നടത്തും. ആദ്യഘട്ട പരിശീലനത്തിന്റെയും സംരംഭക യൂണിറ്റിന്റെ പ്രതികരണത്തെയും അടിസ്ഥാനമാക്കി നൂറുപേരുടെ യൂണിറ്റ് വരെ തുടങ്ങുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ ഡി വിഷ്ണു ചടങ്ങില്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ ടി സി മോഹനന്‍, എന്‍ ബി ജയ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തോമസ് രാജന്‍, പ്രോജക്റ്റ് അസിസ്റ്റന്റ് സോളമന്‍ കുരിയന്‍, അല്‍ത്താഫ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.