കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. പകരം പൊതുവിദ്യാഭ്യാസ രംഗത്തെ പ്രാഥമിക തലം മുതല്‍ ഉന്നതതലം വരെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നിര്‍മ്മിക്കുന്ന ഹൈടെക് അംഗന്‍വാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരെ രാഷ്ട്രീയത്തിന് അതീതമായി പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന ആധുനികവല്‍ക്കരണം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണം പൂര്‍ത്തിയാകുന്നതോടെ സ്വകാര്യ വിദ്യാഭ്യാസങ്ങളുടെ കച്ചവട മനോഭാവത്തിന് സമൂഹത്തില്‍ സ്ഥാനമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ ആദ്യ സംസ്ഥാന മന്ത്രിസഭ തുടക്കമിട്ട ശാക്തീകരണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. പൊതു വിദ്യാലയങ്ങളിലെ വര്‍ദ്ധിക്കുന്ന കുട്ടികളുടെ എണ്ണം ഈ രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനം നല്‍കുന്ന പിന്തുണയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവില്‍ രാമമംഗലം, പാമ്പാക്കുട, ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ എന്നീ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് അംഗന്‍വാടികളെയാണ് ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ജില്ലയില്‍ ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജെസി ജോണി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി കുര്യക്കോസ്, ജില്ലാ പഞ്ചായത്തംഗം കെ.എന്‍ സുഗതന്‍, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവന്‍, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: മിനി കുമാരി, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ജോയ്‌സ് മാമ്പിള്ളില്‍, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്‌കറിയ, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എന്‍ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയ ബിജുമോന്‍, ശ്യാമള ഗോപാലന്‍, വി.സി കുര്യാക്കോസ്, ഒ.കെ കുട്ടപ്പന്‍, കെ.എന്‍ രമ, ഉഷ ശ്രീകുമാര്‍, ബിന്ദു സിബി, സന്തോഷ് കോരപ്പിള്ള, കെ.ജി ഷിബു, ലില്ലി ജോയി, ജിന്‍സണ്‍ വി. പോള്‍, പാമ്പാക്കുട പഞ്ചായത്തംഗം ഷീല ബാബു, എം.പി.ഐ ഡയറക്ടര്‍ ഷാജു ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു ടി. പോള്‍, ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ കെ.കെ ഉമ തുടങ്ങിയവര്‍ പ്രസംഗിച്ചു.