പൊതു വിദ്യാലയങ്ങളില്‍ പഠിച്ചാല്‍ മക്കള്‍ നന്നാവില്ലെന്ന മാതാപിതാക്കളുടെ ചിന്താഗതിയില്‍ മാറ്റമുണ്ടായതായും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചാല്‍ ഫലപ്രാപ്തി ലഭിക്കുമെന്നതിന് തെളിവാണിതെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിരക്ഷാപദ്ധതി എഡ്യുകെയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കിന്റ സ്മാരകങ്ങളായി നിലനിന്നിരുന്ന പൊതുവിദ്യാലയങ്ങളുടെ അഭിമാനകരമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇന്ന് എല്ലാവര്‍ക്കും കഴിയുന്നു. വിദ്യാഭ്യാസ മേഖല സമ്പുഷ്ടമാകുന്നതിന് അനുസരിച്ച് നാടിന്റെ സമസ്ത മേഖലകളും ശക്തിപ്പെടും. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പൊതുജനപങ്കാളിത്തവും കാരണമായിട്ടുണ്ട്. ഒരു വിദ്യാലയം നൂറുമേനി കൊയ്തു എന്ന് അഭിമാനിക്കുമ്പോള്‍ അണ്ണാറക്കണ്ണന്‍ തന്നാലായത് ചെയ്തു എന്ന ചാരിതാര്‍ത്ഥ്യം ആ പ്രദേശവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും മനസില്‍ ഉണ്ടാവും. ഇതാണ് വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പസുകള്‍ വര്‍ഗീയവത്കരിക്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
ഇതിന് പരിഹാരം കാണേണ്ടത് ക്യാമ്പസുകളിലല്ല, സമൂഹത്തിലാണ്. ജനാധിപത്യമതേതര സമൂഹം വളര്‍ത്തിയെടുക്കാന്‍ ചെറിയ ക്ലാസുകളില്‍ തന്നെ കഴിയണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ 44 സ്‌കൂളുകള്‍ ഹൈടെക് ആക്കുന്ന ജില്ലാപഞ്ചായത്ത് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി മറ്റു ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കുന്നതിന് ജില്ലാ പഞ്ചായത്ത് മുന്‍കയ്യെടുക്കണമെന്നും നിര്‍ദേശിച്ചു.
കോക്കല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.കെ ശിവദാസനെയും ജില്ലയില്‍ അക്കാദമിക മികവ് തെളിയിച്ച വിദ്യാലയങ്ങളെയും ഇതിന് നേതൃത്വം നല്‍കിയ കോര്‍ഡിനേറ്റര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. എഡ്യൂകെയര്‍ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങോട്ട് നിര്‍വ്വഹിച്ചു. ജില്ലയിലെ 3500 ലധികം ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി ക്ലാസ് മുറികളില്‍ ജനകീയ ലൈബ്രറി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറി ലൈബ്രറി സജ്ജീകരിച്ച പൂനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് ലൈബ്രേറിയന്‍ ഹന്ന ഫാത്തിമ, വാണിമേല്‍-ക്രസന്റ് സ്‌കൂള്‍ ലൈബ്രേറിയ•ാരായ നിഹാല്‍, ലാമിയ, അഞ്ജന, മിന്‍ഹ ഫാത്തിമ എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം ഡയറ്റ് പ്രിന്‍സിപ്പാള്‍ അജിത്ത് കെ.ആര്‍ നല്‍കി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ സുരേഷ് കുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.സി ജോര്‍ജ് മാസ്റ്റര്‍, പി.കെ സജിത, സുജാത മനക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
എഡ്യൂകെയര്‍ കോഡിനേറ്റര്‍ അബ്ദുനാസര്‍ യു.കെ പദ്ധതി മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു. നൂറ് ശതമാനം വിജയം  അടങ്ങിയ 14 ഗവ. ഹയര്‍ സെക്കണ്ടറി, 29 എയ്ഡഡ് ഹൈസ്‌കൂളുകള്‍, 500 ലധികം കുട്ടികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയ മൂന്ന് ഗവ. സ്‌കൂളുകള്‍, 29 എയ്ഡഡ് വിദ്യാലയങ്ങള്‍, 100 ശതമാനം വിജയം നേടിയ ഒരു ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്ന് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പരിപാടിയ്ക്ക് നേതൃത്വം നല്‍കിയ 122 കോഡിനേറ്റര്‍ എന്നിവര്‍ക്കാണ് ചടങ്ങില്‍ അംഗീകാരം പത്രം നല്‍കിയത്. ചടങ്ങില്‍ ജില്ലയിലെ 200 ലധികം വിദ്യാലയങ്ങളിലെ അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.