പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് മങ്കര ഗവ. സിദ്ധ ഡിസ്‌പെന്‍സറിയില്‍ നടപ്പാക്കുന്ന ‘മഗളിര്‍ ജ്യോതി’ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.

10 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും തിരിച്ചറിയാനും അവ ചികിത്സിക്കാനുമുള്ള പദ്ധതിയാണ് ‘മഗളിര്‍ ജ്യോതി’. ഗര്‍ഭാശയ സംബന്ധമായ രോഗങ്ങളും ആര്‍ത്തവ പ്രശ്‌നങ്ങളും ഈ പദ്ധതിയില്‍ ചികിത്സയ്ക്കപെടുന്നു. ആറു ലക്ഷം രൂപയുടെ മരുന്നുകളാണ് സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.

പരിപാടിയില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സേതുമാധവന്‍, മങ്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ഷിബു, മെഡിക്കല്‍ ഓഫീസര്‍ ഡോ. എം ഷാബു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.