തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കിലയില്‍ ഇ എം എസ് സ്മാരക അധികാര വികേന്ദ്രീകരണ തദ്ദേശഭരണ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി കേരള ജനതയുടെ ജീവിതനിലവാരം മെച്ചപ്പെട്ടു.

ഒപ്പം തന്നെ സാധാരണക്കാരന്‍ ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന നാടായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. കിലയിലെ തദ്ദേശഭരണ മ്യൂസിയത്തെ
ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചു.

മ്യൂസിയത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍, വീഡിയോകള്‍, ചിത്രങ്ങള്‍, മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. കില ലൈബ്രറിയുടെ ഒന്നാം നിലയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെയും കേരളത്തിലെയും അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളെ പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ എളുപ്പത്തില്‍ മനസ്സിലാക്കാനായി ദൃശ്യശ്രവ്യ സംവിധാനങ്ങളും മ്യൂസിയത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. സി ഡിറ്റ് ആണ് മ്യൂസിയം സജ്ജീകരിച്ചത്.

ചടങ്ങിന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഓണ്‍ലൈനില്‍ ആശംസ നേര്‍ന്നു. രമ്യാ ഹരിദാസ് എംപി, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ്, മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജെ ദേവസി, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ.ജിജു പി അലക്സ്, കില അര്‍ബന്‍ ചെയര്‍ പ്രൊഫസര്‍ ഡോ.അജിത് കാളിയത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.