തൃശ്ശൂർ: ഓരോ കുടുംബത്തിലും സന്തോഷമെത്തിക്കുന്നതാകണം വികസനമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. മണ്ണിനെയും മനുഷ്യനെയും മനസ്സിലാക്കുന്ന പദ്ധതികളാണ് നമുക്ക് വേണ്ടതെന്നും അതാണ് ശാശ്വതമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന സമഗ്ര നീര്‍ത്തട പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനകീയ പദ്ധതികള്‍ക്ക് കേരളത്തില്‍ മികച്ച മാതൃകകളുണ്ട്. ഇ എം എസ് മന്ത്രിസഭ രാസവളക്ഷാമം പരിഹരിക്കാന്‍ ‘ശീമക്കൊന്ന വാരം’ സംഘടിപ്പിച്ചതടക്കമുള്ള ജനകീയ മാതൃകകള്‍ ഉദാഹരണമായി മന്ത്രി ഓര്‍മപ്പെടുത്തി. ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ അദ്ധ്യക്ഷനായി. റവന്യൂമന്ത്രി കെ രാജന്‍ വിശിഷ്ടാഥിതിയായി. ശുദ്ധജല സംരക്ഷണത്തിനായി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതാണ് സമഗ്ര നീര്‍ത്തട പദ്ധതി.

ആദ്യഘട്ടത്തില്‍ മതിലകം, ഒല്ലൂക്കര, വടക്കാഞ്ചേരി, കൊടകര എന്നീ ബ്ലോക്കുകളില്‍ പെട്ട 17 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന 21,597 ഹെക്ടര്‍ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. 369.63 കോടിയുടെ പദ്ധതിയാണിത്.

വിവിധ വകുപ്പുകളായ കൃഷി, മൃഗസംരക്ഷണം, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണം, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കുടുംബശ്രീ, ജലസേചന വകുപ്പ്, കേരള വാട്ടര്‍ അതോററ്റി, മത്സ്യവകുപ്പ്, ക്ഷീര വികസനം, വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, വന വകുപ്പ്, വനഗവേഷണം, കില, ഭൂജല വകുപ്പ് അനര്‍ട്ട്, കാര്‍ഷിക സര്‍വ്വകലാശാല, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ വകുപ്പ് തല ഫണ്ടുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകളും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

തൃശൂര്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ സിന്ധു പി ഡി പദ്ധതികള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ. എസ്. ജയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി തിലകന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.