തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ്തലത്തിലുള്ള വിമുക്തി പ്രസ്ഥാനം കൂടുതല്‍ വിപുലീകരിക്കണമെന്ന് എക്‌സൈസ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വടക്കാഞ്ചേരിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിമുക്തിയുടെ നേതൃത്വത്തില്‍ നടത്തുന്ന വാര്‍ഡ്തല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണം.

ഇതിനൊപ്പം ജനപ്രതിനിധികളും ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും സംയുക്തമായി ചേര്‍ന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. മദ്യനിരോധനം കൊണ്ടല്ല മദ്യവര്‍ജനം കൊണ്ടായിരിക്കണം ഗുരുതരമായ മദ്യാസക്തിയെ നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലപ്പിള്ളി താലൂക്ക് പരിധിയില്‍ വരുന്ന വടക്കാഞ്ചേരി, കുന്നംകുളം, പഴയന്നൂര്‍ എന്നീ എക്‌സൈസ് റേഞ്ചുകളുടെ മേല്‍നോട്ടം പുതുതായി പ്രവര്‍ത്തനം ആരംഭിച്ച വടക്കാഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസാണ് നിര്‍വഹിക്കുക. കെട്ടിടത്തിന്റെ നിര്‍മാണത്തിനായി 2016-2017ല്‍ ഒരു കോടി രൂപ ഭരണാനുമതി ലഭിച്ചിരുന്നു. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം സമയബന്ധിതമായി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ ഓഫീസ് ഇന്‍സ്പെക്ടര്‍മാരുടെ മുറികള്‍, ലോക്കപ്പ് റൂം, തൊണ്ടി മുറി, ടോയ്ലറ്റ്, ഗോവണിയും വരാന്തയും ഉള്‍പ്പെടുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മറുഭാഗം ക്വാര്‍ട്ടേഴ്സായും ഉപയോഗിക്കാം. സോയില്‍ ടെസ്റ്റ് നടത്തിയതനുസരിച്ച് ഡിസൈനില്‍ മാറ്റം വരുത്തിയിരുന്നു. രണ്ട് നിലകളിലായി നിശ്ചയിച്ചിരുന്ന കെട്ടിടം ഒരു നിലയില്‍ ചുരുക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആര്‍ സി സി ഫ്രെയിംഡ് സ്ട്രക്ച്ചറായി നിര്‍മിച്ച കെട്ടിടം ഗ്രാനൈറ്റ് ഫ്ളോറിങ്, പ്രസ്ഡ് സ്റ്റീല്‍ ജനലുകള്‍, വാതിലുകള്‍ തുടങ്ങി പൂര്‍ണമായും ആധുനികമായ സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.

സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രമ്യാ ഹരിദാസ് എംപി മുഖ്യാതിഥിയായി. വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി റഫീസ, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി രാജീവ്, വടക്കാഞ്ചേരി നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ സന്ധ്യ കൊടക്കാടത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല മോഹന്‍, വടക്കാഞ്ചേരി നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം ആര്‍ അനൂപ് കിഷോര്‍, സി വി മുഹമ്മദ് ബഷീര്‍, പി ആര്‍ അരവിന്ദാക്ഷന്‍, സ്വപ്ന ശശി, എ എം ജമീലാബി, വടക്കാഞ്ചേരി നഗരസഭാ പ്രതിപക്ഷ നേതാവ് കെ അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എഡിജിപി എക്‌സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍ സ്വാഗതവും തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ പ്രേംകൃഷ്ണ നന്ദിയും പറഞ്ഞു.