തൃശ്ശൂർ: ജില്ലയിൽ വാക്സിനേഷൻ നടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. 87 ശതമാനത്തിലേറെ പേർ ഒന്നാം ഡോസ് സ്വീകരിച്ചുവെന്നും തദ്ദേശ സ്ഥാപനങ്ങൾ വഴി പട്ടിക തയ്യാറാക്കി വേഗത്തിൽ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കുമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.

ജില്ലയിൽ കോവിഡ് കുറയുന്ന സാഹചര്യത്തിൽ ആൻ്റിജൻ ടെസ്റ്റ് നടത്താതെ ആർ ടി പി സി ആർ ടെസ്റ്റിന് പ്രാധാന്യം നൽകും. വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ പരിശോധിച്ച് വാക്സിൻ ലഭ്യത ഉറപ്പു വരുത്തുമെന്നും കലക്ടർ വ്യക്തമാക്കി. ജില്ലയിൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ പ്രവർത്തനമാരംഭിക്കുന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസർമാരുടെ കുറവുകൾ പരിഹരിക്കും.

ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി വില്ലേജ് ഓഫീസർമാർ റവന്യൂ ഇൻസ്പെക്ടർമാരായി പ്രവർത്തിച്ചു വരുന്ന സാഹചര്യത്തിലാണ് ഇതെന്നും ഇതുടൻ പരിഹരിക്കുമെന്നും ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. പണി പൂർത്തിയാകാത്ത സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമാണവും ഉടൻ പൂർത്തിയാക്കും. നിലവിലെ വില്ലേജ്, ഗ്രൂപ്പ് വില്ലേജ് കെട്ടിടങ്ങൾ റിക്കാർഡ് സൂക്ഷിപ്പുമുറിയാക്കാനുള്ള സാധ്യതയും യോഗം വിശകലനം ചെയ്തു.

ജില്ലയിലെ റെഗുലേറ്ററുകളുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അതിൻ്റെ സംരക്ഷണ നടപടികൾ കാര്യക്ഷമമാക്കാനും ധാരണയായി. ഏനാമാക്കൽ റെഗുലേറ്ററിൻ്റെ അഞ്ചാമത്തെ ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി റെക്ടിഫിക്കേഷൻ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ടൌട്ടേ ചുഴലിക്കാറ്റിൽ തകർന്ന ഇല്ലിക്കൽ ബണ്ട് റോഡ് താൽകാലിക ബണ്ട് നിർമിച്ചു സംരഷിച്ചു നിർത്തിയിട്ടുള്ളതായും മേജർ സെക്ഷൻ എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തെ അറിയിച്ചു.

ടൌട്ടേ ചുഴലിക്കാറ്റിൽ തകർന്ന പറപ്പൂക്കര – പളളം ബണ്ടിന് താൽകാലിക സംരക്ഷണ ഭിത്തി നിർമിച്ചതായും അഡീഷണൽ ഇറിഗേഷൻ എ ഇ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന മുഖ്യ പ്രവൃത്തികൾക്ക് വകുപ്പുതലത്തിൽ കൃത്യമായ പരിശോധനാ സംവിധാനം ഉണ്ടാക്കാൻ വകുപ്പു മേധാവിയ്ക്ക് കലക്ടർ നിർദേശം നൽകി.

ജില്ലയിൽ 46 ഇടങ്ങളിൽ പണി പൂർത്തീകരിച്ച റോഡുകളുടെ വശങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന മണ്ണും കല്ലും സർക്കാർ പദ്ധതികൾക്ക് ആവശ്യമുണ്ടോ എന്ന് പരിശോധിക്കാൻ മൈനിങ് ആൻ്റ് ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തി. തുടർന്ന് മണ്ണിൻ്റെ നിലവാരം പരിശോധിച്ച് വില നിശ്ചയിക്കാൻ പൊതുമരാമത്തു വകുപ്പിനെയും യോഗം നിയോഗിച്ചു.

മഴക്കാലമായതിനാൽ നിർത്തിവെച്ച തൃപ്രയാർ – കാഞ്ഞാണി – ചാവക്കാട് റോഡിലെ അമൃത്, കിഫ്ബി പദ്ധതികളിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്ന നടപടി ഉടൻ പൂർത്തിയാക്കും. 2018 ലെ പ്രളയത്തിൽ തകർന്ന മാളയിലെ പാലവും റോഡും സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കാലതാമസം വന്നതിനാൽ കരാറുകാരനെ നീക്കിയതായും പുതുക്കിയ എസ്റ്റിമേറ്റ് പാസ്സാക്കിയതായും നിർമാണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുമെന്നും ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു.

വാഴാനി ഡാമിൽ മത്സ്യകൃഷി നടത്തിയിരുന്ന പട്ടികവർഗക്കാർക്ക് നിലവിൽ അതു നടത്താൻ സാധിക്കാത്ത സ്ഥിതിയുണ്ടെന്ന സ്ഥലം എം എൽ എ യുടെ സൂചനയിൽ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു. ജില്ലയിൽ കുടുംബശ്രീ ജനകീയ ഹോട്ടലിൻ്റെ പരിശീലനം നൽകുന്നതിന് ഏഴ് ഏജൻസികളെ നിയോഗിച്ചു. ചേറ്റുവ രാമു കാര്യാട്ട് സ്മാരകം നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും.

ചമ്രവട്ടം റെഗുലേറ്ററിൽ നിന്നും ജലസേചനത്തിന് ആവശ്യമായ വെള്ളം ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കോൾ പടവുകളിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് ആക്കം കൂട്ടാനും യോഗം കെ എൽ ഡി സിയോട് നിർദ്ദേശിച്ചു. ഗുരുവായൂർ മേൽപ്പാല നിർമാണം അടിയന്തരമായി ആരംഭിക്കാനും കലക്ടർ ബന്ധപ്പെട്ടവരോട് നിർദേശം നൽകി. യോഗത്തിൽ എം എൽ എ മാരായ എൻ കെ അക്ബർ, സി സി മുകുന്ദൻ, സേവ്യർ ചിറ്റിലപ്പിള്ളി, ഇ ടി ടൈസൻ, കെ കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ്, ജില്ലാ വികസന കമ്മീഷണർ അരുൺ കെ വിജയൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.