ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിക്ക് കൊടകര ബ്ലോക്കിലെ മറ്റത്തൂർ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ‘നീരറിയാൻ നീർത്തട യാത്ര’ എന്ന പരിപാടിയുടെ ഫ്ലാഗ് ഓഫ് എം എൽ എ കെ കെ രാമചന്ദ്രൻ നീർത്തടപ്രദേശത്ത് നിർവഹിച്ചു. നീരുറവകളുടെ സംരക്ഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം എൽ എ പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ രഞ്ജിത് അധ്യക്ഷനായി. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ 11,12,13 വാർഡുകളിലെ 484.721 ഹെക്ടർ വിസ്തൃതി പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുക.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജനീഷ് പി ജോസ്, വി എസ് പ്രിൻസ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ പോൾസൺ തെക്കുംപീടിക, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ സജിത രാജീവൻ, ബി ഡി ഓ പി ആർ അജയഘോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നീരുറവ പദ്ധതി പ്രവർത്തനത്തിന്റെ അവതരണ ഗാനമായി സുഭാഷ് മൂന്നുമുറി രചിച്ച് പ്രശാന്ത് ശങ്കർ സംഗീതവും ആലാപനവും നിർവഹിച്ച ഗാനത്തിന്റെ ഓഡിയോ റിലീസ് എം എൽ എ നിർവഹിച്ചു.