അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ നവീകരിച്ച റെയിൽവേ ട്രാക്ക്-പൂത്തറ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂത്തറ റോഡ് നവീകരിച്ചത്.
മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും സമയബന്ധിതമായി പൂർത്തിയാക്കാനായത് ജനപ്രതിനിധികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജി.സുധാകരൻ പറഞ്ഞു. ബ്ലോക്ക്,പഞ്ചായത്ത് തലത്തിൽ ഇനിയും ഏറ്റെടുക്കാത്ത റോഡുകളുടെ ലിസ്റ്റ് നൽകിയാൽ ആസ്തി വികസന ഫണ്ടിൽനിന്ന് ഇനിയും തുക അനുവദിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡിലെ ജനങ്ങളുടെ പ്രധാന റോഡുകളിൽ ഒന്നായ പൂത്തറ റോഡ് സഞ്ചാരയോഗ്യമാക്കുക എന്നത് ഏറെനാളായുള്ള ആവശ്യങ്ങളിൽ ഒന്നായിരുന്നു. പൂത്തുറയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ അധ്യക്ഷത വഹിച്ചു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭബാലൻ, പി ഡബ്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി. വിനു , അസിസ്റ്റന്റ് എഞ്ചിനീയർ ബ്രൂസൻ എന്നിവർ പ്രസംഗിച്ചു.