കൊച്ചി:  ജില്ലയിലെ പൂര്‍ത്തിയാകാത്ത നിര്‍മ്മാണ-വികസന പദ്ധതികളും അതിനോടനുബന്ധിച്ച സ്ഥലമേറ്റെടുക്കലും വേഗത്തില്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. പദ്ധതിപുരോഗതി കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യുകയും തടസ്സങ്ങള്‍ നീക്കാന്‍ വേഗത്തില്‍ ഇടപെടുകയും ചെയ്യും. നിര്‍മാണപദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രതേ്യക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമ്മനം – പുല്ലേപ്പടി റോഡ് വികസനം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണെന്ന് എംഎല്‍എമാരായ ഹൈബി ഈഡനും പിടി തോമസും പറഞ്ഞു. തമ്മനം-പുല്ലേപ്പടി റോഡ് എന്ന പേര് മാറ്റി എംജി റോഡ്- കളമശ്ശേരി എന്ന് നാമകരണം ചെയ്യണമെന്നും എംജിറോഡ് മുതല്‍ പുല്ലേപ്പടി, തമ്മനം, ബൈപ്പാസ്, ചിറ്റേത്തുകര, ഇന്‍ഫോപാര്‍ക് വഴി കളമശ്ശേരിയിലേക്ക് ബന്ധിപ്പിക്കുന്ന റോഡാകണം ഇതെന്നും പിടി തോമസ് എംഎല്‍എ പറഞ്ഞു. ഇതിനായി ഒമ്പത് കിലോമീറ്റര്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും പിടി തോമസ് എംഎല്‍എ പറഞ്ഞു. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പൊതുമരാമത്തുവകുപ്പിന്റെ ഉടമസ്ഥതയിലാക്കി നിര്‍മാണപ്രവൃത്തികള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കണം. തമ്മനം-പുല്ലേപ്പടി ഭാഗത്തെ 2.12 കിലോമീറ്റര്‍ ദൂരം മാത്രമാണ് പ്രാഥമിക പഠനം (ഇന്‍വെസ്റ്റിഗേഷന്‍) പൂര്‍ത്തിയായിട്ടുള്ളത്. ഒമ്പതുകിലോമീറ്ററും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കും.
സീപോര്‍ട്-എയര്‍പോര്‍ട് റോഡിന്റെ രണ്ടാംഘട്ട വികസനത്തിന് എച്ച്എംടിയുടെയും എന്‍എഡിയുടെയും സ്ഥലം വിട്ടുകിട്ടാത്തത് ഒരു തടസ്സമാണ്. ഇതിന് ഉടന്‍ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. സീപോര്‍ട്- എയര്‍പോര്‍ട് റോഡിലെ എന്‍എഡി റോഡ് മുതല്‍ മഹിളാലയം വരെയുള്ള സ്ഥലമേറ്റെടുക്കല്‍ ഉടന്‍ തുടങ്ങുമെന്ന് ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
അറ്റ്‌ലാന്റിസ് മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി 65 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. അമ്പത് കോടി രൂപയാണ് അറ്റ്‌ലാന്റിസ് മേല്‍പാലത്തിന്റെ നിര്‍മാണത്തിനായി കിഫ്ബി അനുവദിച്ചത്. തുടര്‍ന്നുള്ള സ്ഥലമേറ്റെടുക്കലുള്‍പ്പെടെ 94 കോടി രൂപയ്ക്കുള്ള പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് ഉദേ്യാഗസ്ഥര്‍ അറിയിച്ചു.
കുമ്പളം- തേവര പാലം നിര്‍മാണത്തിനായി പണ്ഡിറ്റ് കറുപ്പന്‍ റോഡില്‍  കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടി വരും. എംഎല്‍എമാരായ ഹൈബി ഈഡന്‍, എം സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഇതു സംബന്ധിച്ച് ഉദേ്യാഗസ്ഥര്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
കുണ്ടന്നൂര്‍ – നെട്ടൂര്‍ സമാന്തരപാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശിച്ചു.  തൃപൂണിത്തുറയിലെ അപകടാവസ്ഥയിലുള്ള ഇരുമ്പുപാലം നവീകരിച്ച് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ ആവശ്യപ്പെട്ടു.
വൈക്കം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പൂത്തോട്ട – എസ്എന്‍ ജംഗ്ഷന്‍ റോഡിലെ നവീകരണം വേഗത്തിലാക്കണമെന്നും എം സ്വരാജ് എംഎല്‍എ അഭിപ്രായപ്പെട്ടു. ഇവിടെ ഭൂമി ഏറ്റെടുക്കേണ്ടി വരും. പ്രാഥമിക പരിശോധന (ഇന്‍വെസ്റ്റിഗേഷന്‍) തുടങ്ങുന്ന ഘട്ടത്തിലാണ് ഈ പ്രവൃത്തികള്‍ എന്ന് ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ അറിയിച്ചു.
ആതിരപ്പിള്ളി- മലയാറ്റൂര്‍- വഴിയുള്ള  മലയോര ഹൈവേ വൈകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റോജി എം ജോണ്‍ എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ സര്‍വേ ചെയ്യേണ്ടതുണ്ട്. അതിനായി അനുമതി ലഭിക്കാത്തതുകൊണ്ടാണ് വൈകുന്നതെന്ന് ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട് വേഗത്തില്‍ അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ വികസിപ്പിക്കണമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ പറഞ്ഞു. ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം യോഗത്തില്‍ നിര്‍ദേശിച്ചു.
അങ്കമാലി- കുണ്ടന്നൂര്‍ ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ഉദേ്യാഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ബൈപാസിന്റെ അലൈന്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്. ഡിപിആര്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണം.
ആലുവ- എറണാകുളം പാതയില്‍ പൈപ്പ്‌ലൈന്‍ റോഡില്‍ കളമശ്ശേരി മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗം തകര്‍ന്നു കിടക്കുന്നു. ഇത് നവീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി അനുവാദം നല്കണമെന്നും യോഗത്തില്‍ എംഎല്‍എമാര്‍  ആവശ്യപ്പെട്ടു. കളമശ്ശേരിയില്‍ വാട്ടര്‍ അതോറിറ്റി പ്‌ളാന്റിനായി അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം നിര്‍ദേശിച്ചു.
ഇടപ്പള്ളി- അരൂര്‍ ദേശീയപാതയിലെ സര്‍വീസ് റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം. ട്രക്കുകളും ബസുകളും പാര്‍ക്ക് ചെയ്തും സാധനങ്ങള്‍ ഇറക്കിവച്ചും സര്‍വീസ് റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇതൊഴിവാക്കാനായി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വടുതല- പേരണ്ടൂര്‍ പാലത്തിന്റെ സാമൂഹ്യാഘാതപഠനം നടത്താന്‍ നടപടി സ്വീകരിക്കാനും യോഗം ഉദേ്യാഗസ്ഥരോട് നിര്‍ദേശിച്ചു.
കാക്കനാട്- കോതമംഗലം പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കണമെന്ന് ആന്റണി ജോണ്‍ എംഎല്‍എ പറഞ്ഞു. ഈ പദ്ധതിയുടെ ആദ്യഘട്ടമായി നിര്‍മിക്കുന്ന കോതമംഗലം നിയോജകമണ്ഡലത്തിലുള്‍പ്പെട്ട ഏഴ് കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണം വേഗം പൂര്‍ത്തിയാക്കണം. കോതമംഗലം- കാക്കനാട് പാതയുടെ ബാക്കിയുള്ള 20 കിലോമീറ്റര്‍ നിര്‍മാണത്തിനായുള്ള പ്രൊപ്പോസല്‍ കിഫ്ബിക്ക് സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ആലുങ്കല്‍കടവ് പാലത്തിനായുള്ള സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് അന്‍വര്‍സാദത്ത് എംഎല്‍എ പറഞ്ഞു. ആലുവ- ആലങ്ങാട്ട് റോഡു നിര്‍മാണം വേഗത്തിലാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ പ്രതിനിധി അഷ്‌റഫ് മുഹമ്മദ് പറഞ്ഞു.
യോഗത്തില്‍ എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, ഹൈബി ഈഡന്‍, ആന്റണി ജോണ്‍, പി ടി തോമസ്, എം സ്വരാജ്, അന്‍വര്‍സാദത്ത്, റോജി എം ജോണ്‍, എഡിഎം എം കെ കബീര്‍, ഡെപ്യൂട്ടി കളക്ടര്‍ സുരേഷ് കുമാര്‍, വിവിധ വകുപ്പുദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതി പുരോഗതി അവലോകനത്തിനായി രണ്ടു മാസത്തിലൊരിക്കല്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും.