ആലപ്പുഴ: ലോകഹൃദയദിനത്തിന്‍റെ ഭാഗമായി ജനപ്രതിനിധികള്‍ക്കായി ഹൃദയാഘാത പുനരുജ്ജീവന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയിലെ മാറ്റം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത്, ഹെത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, അത് ലറ്റികോ ഡി ആലപ്പി എന്നിവയുടെ സംയുതാഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹൃദ്രോഗബാധിതര്‍ക്ക് ഫലപ്രദമായി സി.പി.ആര്‍ നല്‍കുന്ന വിധം ഡോ. കെ.എസ്. മോഹന്‍ വിശദീകരിച്ചു.
വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. അത്ലറ്റിക്കോ ഡി ആലപ്പി അംഗങ്ങളായ ദീര്‍ഘദൂര സൈക്കിള്‍ യാത്രികരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ബിബിന്‍ സി. ബാബു അധ്യക്ഷനായിരുന്നു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ, ഡോ. ബി. പത്മകുമാര്‍, ഡോ. തോമസ് മാത്യു, ഡോ. എ. നാസര്‍, ഡോ. എന്‍. അരുണ്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.