കൊല്ലം: സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ വേഗത്തിലാക്കി തദ്ദേശസ്ഥാപനങ്ങള്‍. കരുനാഗപ്പള്ളി നഗരസഭയില്‍ ഇനിയും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരുടെ വിവരങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ച് വാക്‌സിനേഷന്‍ നല്‍കുകയാണ് എന്ന് ചെയര്‍മാന്‍ കോട്ടയില്‍ രാജു പറഞ്ഞു. വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കിവരുന്നു.
പെരിനാട് ഗ്രാമപഞ്ചായത്തിലെ ഡി.സി.സിയില്‍ 24 രോഗികളാണ് ചികിത്സയിലുള്ളത്. 27477 പേര്‍ ഇതുവരെ വാക്‌സിന്‍ എടുത്തു. കിടപ്പുരോഗികള്‍ക്കും വാക്‌സിന്‍ നല്‍കിവരുന്നു. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ വേണ്ട നടപടികള്‍ ഊര്‍ജിതമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ പറഞ്ഞു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇതുവരെ അഞ്ച് വാക്‌സിനേഷന്‍ ക്യാമ്പുകളാണ് നടത്തിയത്. പഞ്ചായത്തിലെ 5000 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ ഗോപന്‍ പറഞ്ഞു.