എറണാകുളം: ഭക്ഷ്യവ്യാപാരികള്‍ (ചെറുകിട സ്ഥാപനങ്ങളും, വന്‍കിട സ്ഥാപനങ്ങളും ഉള്‍പ്പെടെ) നല്‍കുന്ന രസീതുകള്‍, ബില്ലുകള്‍, ഇന്‍വോയ്സുകള്‍, ക്യാഷ് മെമ്മോ തുടങ്ങി ഏതൊരു ഭക്ഷ്യ ബിസിനസ് രേഖകളിലും സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് FSSAI (ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റി) നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 2021 ഒ!ക്ടോബര്‍ 1 മുതല്‍ രാജ്യവ്യാപകമായി ഇത് പ്രാബല്യത്തില്‍ വരും. ജി.എസ്.ടി. ഇ-വേ ബില്ലുകളിലും, സിസ്റ്റം ജനറേറ്റ് ചെയ്യുന്ന സര്‍ക്കാര്‍ രേഖകളിലും മാത്രമാണ് ഇതിന് ഇളവ് നല്‍കിയിട്ടുള്ളത്.
2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം വകുപ്പ് 31 പ്രകാരം ഏതൊരു ഭക്ഷ്യ ബിസിനസ് ആരംഭിക്കുന്നതിന് മുമ്പും ഓരോ ബിസിനസ് ഓപ്പറേറ്റര്‍മാരും ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ എടുക്കേണ്ടതും, ആയത് ഉപഭോക്താക്കള്‍ കാണുന്ന വിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിഷ്ക്കര്‍ഷിച്ചിട്ടുള്ളതാണ്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 അതിന്റെ നടപടിക്രമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നത് FSSAI ലൈസന്‍സ്/ രജിസ്ട്രേഷന്‍ നമ്പറിനെ ആശ്രയിച്ചാണ്. ഇത് നടപ്പിലാക്കുക വഴി ഉപഭോക്തൃ പരാതി സംവിധാനം ശക്തിപ്പെടുത്തുവാനും, നിയമാനുസൃതമായ സ്ഥാപനങ്ങളില്‍ നിന്ന് മാത്രം ജനങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനും, അതുവഴി ഭക്ഷ്യവ്യാപാരികള്‍ കൂടുതല്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതിന് നിര്‍ബന്ധിതരാവുകയും ചെയ്യും. ഉപഭോക്താക്കുളുടെ പരാതിയുടെ ഉത്ഭവം കണ്ടെത്തി സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിന് ഇത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് FSSAI വിലയിരുത്തുന്നത്.
പായ്ക്ക് ചെയ്ത് വില്‍ക്കുന്ന എല്ലാ ഭക്ഷ്യവസ്തക്കളുടെയും ലേബലില്‍ FSSAI ലൈസന്‍സ്/രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിലവില്‍ വ്യവസ്ഥയുള്ളതാണ്. ഇതിന് പുറമെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, തട്ടുകടകള്‍ തുടങ്ങി എല്ലാ ഭക്ഷണശാലകളിലും ബേക്കറി, മിഠായി വില്‍പ്പന, പലചരക്ക് സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ റീട്ടെയില്‍ സ്ഥാപനങ്ങളുിലും ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയ ഭക്ഷ്യസുരക്ഷാ ഡിസ്പ്ലേ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ബന്ധ വ്യവസ്ഥയുള്ളതാണ്. ഇത്തരം ബോര്‍ഡുകള്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിലും വ്യാപാരികളിലും അവബോധം ഉണ്ടാക്കുവാന്‍ സാധിക്കും. ഭക്ഷ്യസുരക്ഷയെക്കുറിച്ചും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് സ്ഥാപനം അനുവര്‍ത്തിക്കുന്ന വ്യക്തിശുചിത്വ ശീലങ്ങളെക്കുറിച്ചുമാണ് ഡിസ്പ്ലേ ബോര്‍ഡുകളില്‍ പ്രതിപാദിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ ബോര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് ബിസിനസിന്റെ തരം അനുസരിച്ച് വിവിധ നിറം നല്‍കിയിട്ടുണ്ട്. ഹോട്ടല്‍, റസ്റ്റോറന്റ്, തട്ടുകട, തെരുവോര കച്ചവടം (പര്‍പ്പിള്‍ നിറം), പഴം/പച്ചക്കറി (പച്ച നിറം), മാംസം വില്‍പ്പന (ചുവപ്പ് നിറം), പാല്‍ വില്‍പ്പന (നീല നിറം), ചെറുകിട പലചരക്ക് വ്യാപാരം (ചാര നിറം), മദ്യവില്‍പ്പന (തവിട്ട് നിറം), ട്രാന്‍സ്പോര്‍ട്ടേഷന്‍, വിതരണം (നേവി ബ്ലൂ), സ്റ്റോറേജ് (മഞ്ഞ നിറം), ഉത്പാദനം (ഹരിത നീലിമ നിറം) എന്നിങ്ങനെയാണ് നല്‍കിയിട്ടുള്ള നിറങ്ങള്‍. ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ A3 വലുപ്പത്തിലും രജിസ്ട്രേഷന്‍ ഉള്ള സ്ഥാപനങ്ങള്‍ A4 വലുപ്പത്തിലും ഉള്ള ബോര്‍ഡുകളാണ് പ്രദര്‍ശിപ്പിക്കേണ്ടത്. ഇവയിലെല്ലാം തന്നെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം എന്ന് വ്യവസ്ഥയുള്ളതാണ്. എന്നാല്‍ പലപ്പോഴും വ്യാപാരികള്‍ ലൈസന്‍സ്/ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയോ FSSAI ലൈസന്‍സ് നമ്പര്‍ ഉപഭോക്താക്കള്‍ക്ക് ദൃശ്യമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നില്ല. ആയത് അവസാനിപ്പിക്കുന്നതിനും, ഉപഭോക്തൃ ധാരണ മാറ്റുന്നതിനും അത് വഴി ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും FSSAI ലക്ഷ്യമിടുന്നു.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് FSSAI പോര്‍ട്ടലിലുടെയും Food Safety Connect തുടങ്ങിയ ആപ്പിലൂടെയും ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിനും ആയത് നിയമവിധേയമായോണോ പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കുുന്നതിനും അല്ലെങ്കില്‍ ആയത് അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സാധിക്കുകയും ആയത് വഴി ഭക്ഷ്യസുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്ന അവബോധം സൃഷ്ടിക്കുന്നതിനും സാധിക്കും.
ഒക്ടോബര്‍ 1-ന് ശേഷമുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ മേല്‍ നിബന്ധനകള്‍ ഭക്ഷ്യവ്യാപാര മേഖലയില്‍ നിര്‍ബന്ധമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.