എറണാകുളം: മൂവാറ്റുപുഴ താലൂക്കിലെ റേഷന്‍ കടകളിലും എന്‍.എഫ്.എസ്.എ ഡിപ്പോയിലും ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറും, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, സപ്ലൈകോ ക്യു സി എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തി.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴ താലൂക്കിലെ മിക്ക കടകളിലും തീര്‍ന്ന ആട്ടയും ഗുണമേന്മ ഇല്ലാത്ത ഭക്ഷ്യധാനയങ്ങളും സ്റ്റോക്ക് ഉളളതായ പത്രവാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ പരിശോധനകളില്‍ രണ്ട് കടകളിലായി മൂന്ന് ചാക്ക് ഗുണനിലവാരമില്ലാത്ത അരി കാണുകയും ആയത് കാര്‍ഡ് ഉടമകള്‍ക്ക് വിതരണം നടത്തരുത് എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഒക്‌ടോബര്‍ അഞ്ചു മുതല്‍ 20-ാം തീയതി വരെ വില്‍പ്പന കാലാവധിയുളള ആട്ടയാണ് നിലവില്‍ റേഷന്‍ കടകളില്‍ സ്റ്റോക്ക് ഉളളത്. എല്ലാ റേഷന്‍ കടകളിലും എന്‍.എഫ്.എസ്.എ ഗോഡൗണുകളിലും ഗുണമേന്മയുളള ഭക്ഷ്യധാന്യങ്ങളാണ് സ്‌റ്റോക്ക് ഉളളത്.
എാകദേശം 775 ലോഡ് ഭക്ഷ്യ ധാന്യങ്ങളാണ് മാസം തോറും എഫ്.സി.ഐ മില്ലുകളില്‍ നിന്നും സി.എം.ആര്‍ മില്ലുകളില്‍ നിന്നും എന്‍.എഫ്.എസ്.എ ഗോഡൗണുകളിലേക്കും തുടര്‍ന്ന് റേഷന്‍ കടകളിലേക്കും സ്‌റ്റോക്ക് എത്തുന്നത്.

എാതെങ്കിലും വിതരണ യോഗ്യമല്ലാത്ത ഭക്ഷ്യധാന്യം കടയില്‍ എത്തുകയാണെങ്കില്‍ അത് കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തുവാന്‍ പാടില്ലാത്തതാണ്. അത്തരം സ്‌റ്റോക്ക് മാറ്റി പകരം നല്ല സ്‌റ്റോക്ക് കടകളിലേക്ക് എന്‍.എഫ്.എസ്.എ ഡിപ്പോയില്‍ നിന്ന് നല്‍കി വരുന്ന സംവിധാനം നിലവിലുണ്ട് എന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.