ഇടുക്കി: കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍ ബാലസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി ബാല സംരക്ഷണസമിതി ശാക്തീകരണ ശില്പശാലയും രക്ഷിതാക്കളും ആയുള്ള സംവാദവും ടാസ്‌ക് ഫോഴ്സ് കൂടിയാലോചന യോഗവും നാളെയും മറ്റന്നാളും വണ്ടിപ്പെരിയാറില്‍ നടക്കും.

ബാല സംരക്ഷണസമിതി ശാക്തീകരണ ശില്പശാല നാളെ രാവിലെ 10 മുതല്‍ വണ്ടിപ്പെരിയാര്‍ മോഹനം ഓഡിറ്റോറിയത്തില്‍ നടത്തും. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍ അംഗം ഫാ.ഫിലിപ്പ് പരക്കാട്ടിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. എം ഉഷ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീത എം. ജി, കമ്മീഷന്‍ അംഗം റെനി ആന്റണി എന്നിവര്‍ സംസാരിക്കും.ആദ്യ സെഷനില്‍ കമ്മിഷന്‍ അംഗം കെ. നസീര്‍ മോഡറേറ്റര്‍ ആയിരിക്കും. അഡ്വ. എ. വൈ ജയരാജ് ബാലസംരക്ഷണ നിയമങ്ങളും കര്‍ത്തവ്യ വാഹകരുടെ ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. രണ്ടാമത്തെ സെഷനില്‍ കമ്മിഷന്‍ അംഗം ബി. ബബിത മോഡറേറ്റര്‍ ആയിരിക്കും. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്‌പെഷ്യല്‍ ജഡ്ജ് ഫിലിപ്പ് തോമസ് പോക്‌സോ നിയമവും കര്‍ത്തവ്യ വാഹകരുടെ ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. മൂന്നാമത്തെ സെഷനില്‍ ജില്ലാ ശിശു സരംക്ഷണ ഓഫീസര്‍ ഗീത എം. ജി മോഡറേറ്ററായിരിക്കും. കമ്മിഷനംഗം സി.വിജയകുമാര്‍ ക്ലാസ് നയിക്കും.

ലയങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളുമായുളള സംവാദം എന്ന പരിപാടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി. മനോജ്കുമാർ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാതാപിതാക്കളുമായി ആശയ സംവാദം നടത്തും. കമ്മിഷന്‍ അംഗം പി. പി ശ്യാമളാദേവി മോഡറേറ്ററാകും. കമ്മീഷനംഗം റെനി ആന്റണി, സംസ്ഥാന കമ്മിഷന്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ആര്‍.റ്റി.ഇ സെല്‍) ലതിക കെ എന്നിവര്‍ സംസാരിക്കും.

ബാലസൗഹൃദ കേരളം ടാസ്‌ക്‌ഫോഴ്‌സ് കൂടിയാലോചനാ യോഗം ഒക്ടോബര്‍ 1 ന്
ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നിന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11ന് പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിന്റെ യോഗം ചേരും. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി. മനോജ് കൂമാര്‍ അദ്ധ്യക്ഷത വഹിക്കും. അംഗങ്ങളായ റെനി ആന്റണി, കെ. നസീര്‍, ഫാദര്‍ ഫിലിപ്പ് പരക്കാട്ട്, കമ്മീഷന്‍ കേസ് വര്‍ക്കര്‍ (പോക്‌സോ സെല്‍) ദേവി പി ബാലന്‍ എന്നിവര്‍ സംസാരിക്കും. രാവിലെ 8 മുതല്‍ വണ്ടിപ്പെരിയാര്‍ മേഖലയിലെ വിവിധ ലയങ്ങള്‍ സന്ദര്‍ശിക്കും.