ഇടുക്കി: വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നടത്തുന്ന ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന 52 വ്യവസായ സ്ഥാപനങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നും അനുമതി ലഭ്യമാക്കിയിട്ടുണ്ട്. അനുമതിക്കായി ശേഷിക്കുന്ന അപേക്ഷകളില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടിയില്‍ വിവിധ വ്യവസായ സംരംഭകര്‍ നല്‍കിയിരിക്കുന്ന 16 പരാതികളില്‍ 5 പരാതികളില്‍ യോഗം തീര്‍പ്പു കല്‍പ്പിച്ചു.

കൂടാതെ വ്യവസായ വകുപ്പ് നല്‍കിവരുന്ന ‘സംരംഭകത്വ സഹായ പദ്ധതിയിലൂടെ’ ആറ് വ്യവസായ സ്ഥാപങ്ങള്‍ക്കായി 85 ലക്ഷം രൂപ സബ്സിഡി ആയി വിതരണം ചെയ്യുന്നതിനും, പ്രധാനമന്ത്രിയുടെ ‘ഒരു ജില്ല, ഒരു ഉത്പ്പന്നം’ എന്ന പദ്ധതിയിലൂടെ 13 സ്ഥാപനങ്ങള്‍ക്ക് 318 ലക്ഷം രൂപയുടെ വായ്പ്പ അപേക്ഷകള്‍ ധനകാര്യ സ്ഥാപങ്ങളിലേക്കു ശിപാര്‍ശ ചെയ്യുന്നതിനും ക്ലിയറന്‍സ് ബോര്‍ഡ് യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എസ് സുരേഷ്‌കുമാര്‍, കൂടാതെ മറ്റു വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.