മലപ്പുറം: കുടുംബശ്രീ ഉത്പാദന യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി നിര്‍മിക്കുന്ന സ്വാശ്രയ ഉല്‍പന്നങ്ങള്‍ക്ക് തദ്ദേശീയമായി വിപണി കണ്ടെത്തുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും സിഡിഎസ് ഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഉല്‍പാദന രംഗത്തും വിതരണ രംഗത്തുമായി അരീക്കോട് ബ്ലോക്കില്‍ മാത്രം 700 ലധികം വനിതകള്‍ക്ക് സ്ഥിരം ജോലിയും സുസ്ഥിരവരുമാനവും ഉറപ്പുവരുത്താന്‍ പദ്ധതിയിലൂടെ കഴിയും.

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഓരോ സി.ഡി.എസിനു കീഴിലും ഓരോ സി.എല്‍.സിമാരെയും മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ്തല ഫെസിലിറ്റേറ്റര്‍മാരെയും നിയമിക്കും. അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് വാര്‍ഡ് തല ഫെസിലിറ്റേറ്റര്‍മാരെയും സി.എല്‍.സിമാരെയും കണ്ടെത്തുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ചക്കാലത്തെ പരിശീലനം നല്‍കിയതിനുശേഷമാണ് നിയമനം നടത്തുക. അപേക്ഷാഫോമുകള്‍ അതത് സിഡിഎസ് ഓഫീസുകളില്‍ ലഭിക്കും. ഡിസംബര്‍ അവസാന വാരത്തില്‍ ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് ഹോംഷോപ്പ് പദ്ധതിയുടെ സംഘാടനപ്രവര്‍ത്തനങ്ങള്‍ നടത്തുക. ഡിസംബറിനുള്ളില്‍ മുഴുവന്‍ പേര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കി നിയമിക്കുമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് അറിയിച്ചു.

പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു നിര്‍വഹിച്ചു. ഹരിദാസ് പുല്‍പ്പറ്റ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത്, എ.ഡി.എം.സി സുരേഷ്‌കുമാര്‍, ഹോംഷോപ്പ് പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രസാദ് കൈതക്കല്‍, കെ. സതീശന്‍, ഡി.പി എം റനീഷ് എന്നിവര്‍ സംസാരിച്ചു.