മലപ്പുറം: താഴേക്കോട്-ആലിപ്പറമ്പ് വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് 118 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. താഴേക്കോട്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. 30 കോടി ചെലവഴിച്ച് ആദ്യഘട്ട പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തിയായി. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ഇരു പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാവും. ഇരു പഞ്ചായത്തുകളിലുമായി 12,086 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

താഴേക്കോട് ഗ്രാമപഞ്ചായത്തില്‍ 7,362 ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ 4,724 ഗുണഭോക്താക്കളുമാണുള്ളത്. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജലജീവന്‍ മിഷന്‍ കഴിഞ്ഞ മാസം അനുമതി നല്‍കി. തൂതപ്പുഴയിലെ വെട്ടിച്ചുരുക്കില്‍ പദ്ധതിയുടെ ഭാഗമായുള്ള കിണര്‍, പമ്പ്ഹൗസ്, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് നജീബ് കാന്തപുരം എം.എല്‍.എ. പറഞ്ഞു.