മലപ്പുറം: തിരൂരങ്ങാടി നഗരസഭയില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് തുടക്കമായി. 20 ലക്ഷം രൂപ ചെലവില്‍ എം.സി.എഫ് സെന്റര്‍, 23 ലക്ഷം രൂപ ചെലവില്‍ തുമ്പൂര്‍ മുഴി എയറോബിക് പ്ലാന്റ് എന്നിവയാണ് നിര്‍മിക്കുന്നത്. ചെയര്‍മാന്‍ കെ.പി മുഹമദ്കുട്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. വീടുകളില്‍ നിന്നും ഹരിത കര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് വെക്കുന്നതിനു എം.സി.എഫ് സെന്റര്‍ തുണയാകും. നഗരത്തിന്റെ വിവിധ ടൗണുകളില്‍ നിന്നും ഇവിടെയെത്തിക്കുന്ന മാലിന്യങ്ങള്‍ തുമ്പൂര്‍ മുഴി എയറോബിക് പ്ലാന്റ് വഴി സംസ്‌കരിക്കാനാവും. മാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തെ പ്രകൃതിസൗഹൃദമാക്കുകയാണിതിലൂടെ നഗരസഭ. പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. മാലിന്യ നിര്‍മാര്‍ജനത്തില്‍ നഗരസഭക്ക് വലിയ മുതല്‍ക്കൂട്ടാകും.

നഗരത്തെ ക്ലീന്‍സിറ്റിയാക്കുന്ന കഠിന യഞ്ജത്തിലാണ് നഗരസഭ. പ്രദേശത്തേക്ക് വൈദ്യുതി ലൈന്‍ എത്തിക്കുന്നതിനും നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സി.പി ഇസ്മായില്‍ അധ്യക്ഷനായി. സി.പി സുഹ്റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഇ.പി ബാവ.എം സുജിനി, വഹീദ ചെമ്പ, ഇ.ഭഗീരഥി, എം.അഹമ്മദലി ബാവ, എച്ച്.ഐ സുനില്‍റെയ്മണ്ട്, പി.കെ അബ്ദുല്‍ അസീസ്. സജീഷ്, റഫീഖലി എന്നിവര്‍ സംസാരിച്ചു.