മലപ്പുറം: ശുചീകരണ തൊഴിലാളികളെ ആദരിച്ച് നാല് ദിവസം നീണ്ടു നില്‍ക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന് പൊന്നാനി നഗരസഭയില്‍ തുടക്കമായി. പരിപാടികളുടെ നഗരസഭാതല ഉദ്ഘാടനം ശുചീകരണ തൊഴിലാളികളെ ആദരിച്ച് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. നഗരസഭാ ശുചീകരണ തൊഴിലാളികളില്‍ നിന്നും മികച്ച സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ജയപ്രകാശന് ഉപഹാരം നല്‍കി.
സീനിയര്‍ ശുചീകരണ തൊഴിലാളികളായ ശശികുമാര്‍, വിജയകുമാര്‍, ശ്രീലത എന്നിവരെയും കുടുംബശ്രീ പ്ലാസ്റ്റിക് ശേഖരണ യൂണിറ്റിലെ പത്മിനി, അജിത എന്നിവരെയും യോഗത്തില്‍ ആദരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ നഗരസഭകളിലെ ശുചിത്വ മേഖലയില്‍ നടപ്പിലാക്കുന്ന പരിപാടിയാണ് ആസാദി കാ അമൃത് മഹോത്സവം. പൊന്നാനി നഗരസഭയില്‍ ഒക്ടോബര്‍ രണ്ട് വരെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി ഇന്ന് ( സെപ്റ്റംബര്‍ 30 ) വീടുകളില്‍ അജൈവ മാലിന്യ ശേഖരണം നടത്തുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളോടൊപ്പം ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ അനുഗമിച്ച് ബോധവത്ക്കരണം സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നിന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ഹരിത സഹായ സംഘം പ്രതിനിധികള്‍, പാഴ്വസ്തു വ്യാപാരികള്‍ എന്നിവരെ ആദരിക്കും. ഒക്ടോബര്‍ രണ്ടിന് നഗരത്തില്‍ മാസ് ക്ലീനിങ് നടത്തും.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, നഗരസഭാ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാസ് ക്ലീനിങ് നടത്തുക. തുടര്‍ന്ന് വിദ്യാര്‍ഥികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങളായ എം.സി.എഫ്, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റര്‍, തുമ്പൂര്‍മുഴി മോഡല്‍ പ്ലാന്റ് തുടങ്ങിയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സന്ദര്‍ശിക്കും.
ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീനാസുദേശന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.ആബിദ, രജീഷ് ഊപ്പാല, കൗണ്‍സിലര്‍മാരായ മുഹമ്മദ് ഫര്‍ഹാന്‍ ബിയ്യം, വി.പി പ്രബീഷ്, ഷാഫി, ശുചിത്വമിഷന്‍ ജില്ലാ റിസോഴ്‌സസ് പേഴ്‌സണ്‍ തേറയില്‍ ബാലകൃഷ്ണന്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.സ്വാമിനാഥന്‍, നഗരസഭാ സൂപ്രണ്ട് ത്രേസ്യാമ തുടങ്ങിയവര്‍ സംസാരിച്ചു.