പാലക്കാട്: പ്രതിസന്ധി ഘട്ടങ്ങളിൽ സഹായകമാകുകയും വിവിധ സാധ്യതകളിലൂടെ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ജില്ലയിലെ വ്യവസായ സംരംഭകരെ മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ ആദരിച്ചു.
കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നുണ്ടായ പ്രതിസന്ധി സമയത്ത് സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ ഉത്പാദനവും വിതരണവും നടത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച കഞ്ചിക്കോട് ഇനോക്സ് എയർ പ്രൊഡക്ട്സ് മാനേജർ ചന്ദ്രമോഹൻ, വ്യവസായ വാണിജ്യ വകുപ്പിൻ്റെ അസെൻഡ് 2020 ലൂടെ പ്രീ – എഞ്ചിനീയേർഡ് ബിൽഡിംഗ് എന്ന നൂതന സംരംഭം ആരംഭിക്കുന്ന കഞ്ചിക്കോട് ട്രസ്റ്റീൽ പി.ഇ.ബി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്.വേണു,
ഡി.ആർ.ഡി.ഒ ഡിഫൻസ് റിസേർച്ച് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ്റെ സാങ്കേതിക സഹായത്തോടെ സിറിഞ്ച്,  നീഡിൽ എന്നിവയുടെ ഉത്പാദന രംഗത്ത് മുന്നേറ്റം നടത്തിയ ഗ്രീൻ വൈൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാനോജ് കാർത്തികേയൻ, കോവിഡ് 19 രണ്ടാംതരംഗ പ്രതിസന്ധിക്കിടെ ഓക്സിജൻ ഉത്പാദന വിതരണ സംരംഭം ആരംഭിക്കുകയും സംസ്ഥാനത്തിൻ്റെ ഓക്സിജൻ ആവശ്യങ്ങൾക്ക് സഹായകമാവുകയും ചെയ്ത ഓക്സീലിയം പ്രൊഡക്ട്സ് ഉടമ പീറ്റർ സി. മാത്യു,
കയറ്റുമതിക്ക് പ്രാധാന്യം നൽകി എസെൻഷ്യൽ ഓയിൽ, ഒലിയോ റെസിൻ എന്നിവയുടെ ഉത്പാദനത്തിനായി ആരംഭിക്കുന്ന മാക് നാച്വറൽ എക്സ്ട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആൻറു കുര്യാക്കോസ്, കപ്പലണ്ടി മിഠായിക്ക് കൂടുതൽ വിപണന സാധ്യത കണ്ടെത്തിയ പാലക്കാട് വണ്ണമട രാധാസ് ഫുഡ് പ്രൊഡക്ട്സ് ഉടമ കനീഷ് കുമാർ, തായ്‌വാൻ സാങ്കേതിക വിദ്യ ലഭ്യമാക്കി പരിസ്ഥിതി സൗഹാർദത്തിലൂന്നി പി.വി. സി എഡ്ജ് ബാൻഡ് ഉത്പന്നം നിർമ്മിക്കുന്ന റെക്സോ പോളിമേഴ്സ് ഉടമ അബ്ദുൾ ഹക്കീം എന്നിവരെയാണ് പരിപാടിയിൽ ആദരിച്ചത്.