പാലക്കാട്: കഞ്ചിക്കോട് നിഡയിൽ അനുവദിച്ച് കിട്ടിയ വ്യവസായ ഭൂമിയിൽ എംസാന്റ് യൂണിറ്റ് തുടങ്ങാൻ കഴിയാതെ വന്ന തിരുവല്ല സ്വദേശിയായ വ്യവസായിക്ക് മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ പരാതി നൽകിയതിനെ തുടർന്ന് പ്രശ്ന പരിഹാരം.
മരുതം സ്റ്റീൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും തിരിച്ചെടുത്ത ഭൂമിയാണ് പരാതിക്കാരന് ലഭിച്ചത്.
തുടർന്ന് ജില്ലാ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലിരുന്ന ഭൂമിയിൽ പരാതിക്കാരന് സംരംഭം ആരംഭിക്കാൻ വേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വിവിധ കാരണങ്ങളാൽ കാലതാമസം വരികയായിരുന്നു. മീറ്റ് ദ മിനിസ്റ്ററിൽ പരാതി ലഭിച്ച ഉടൻ തന്നെ ജില്ലാ വ്യവസായ വകുപ്പും തഹസിൽദാറും പോലീസും ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കുകയും സംരംഭം ആരംഭിക്കാനുള്ള തടസങ്ങൾ നീക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് പരാതിക്കാരൻ .