ടൂറിസം വികസനത്തിൻ്റെ നൂതന സാധ്യതകൾ തേടി തേവരയിലെ ബോട്ട് യാർഡിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഗതാഗതി മന്ത്രി ആൻ്റണി രാജുവും സന്ദർശനം നടത്തി. കെ എസ് ഐ എൻ സി യുടെയും കെ എസ് ആർ ടി സി യുടെയും സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ടിൻ്റെയും ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ വിസ്തൃതിയിലുള്ള യാർഡിലാണ് മന്ത്രിമാർ സന്ദർശനം നടത്തിയത്. ഈ പ്രദേശം ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതി നിർദ്ദേശം മന്ത്രിമാർക്ക് സമർപ്പിച്ചു. ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ടൂറിസം വകുപ്പിൻ്റെ നൂതന പദ്ധതിയായ കാരവൻ ടൂറിസം പദ്ധതിയുടെ പാർക്കിംഗ് ഹബ്ബായും ഈ പ്രദേശം വിനിയോഗിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.

ടൂറിസം വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ കമ്പനി സെക്രട്ടറി രാജു വി.കെ., ടെക്നിക്കൽ മാനേജർ അനൂപ് കുമാർ, കോമേഴ്സ്യൽ മാനേജർ സിറിൽ വി ഏബ്രഹാം , ചീഫ് എഞ്ചിനീയർ ഹരിനാരായണൻ തുടങ്ങിയവരും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.