ആലപ്പുഴ: കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പുതിയ പദ്ധതികള്‍ ആലപ്പുഴ ജില്ലയില്‍ നടപ്പാക്കുന്നത് പരിഗനയിലുണ്ടെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. ജില്ലയിലെ വിവിധ കായിക കേന്ദ്രങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാട്ടര്‍ സ്‌പോര്‍ട്ട്‌സുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളും ആലോചനയിലുണ്ട്. രാജാ കേശവദാസ നീന്തല്‍കുളത്തില്‍ നേരിയ തോതില്‍ ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. ഇത് ഉടന്‍ പരിഹരിക്കും. ഈ നീന്തല്‍കുളം മത്സരങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിച്ചു വരികയാണ്. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉടന്‍ യോഗം ചേരും.

ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ഡിസംബര്‍ അവസാനത്തോടെ പുനരാരംഭിക്കും. കായിക മേഖല സജീവമാകുന്പോള്‍ മത്സരങ്ങള്‍ നടത്തുന്നതിനായി ഈ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം ഇതിന് സജ്ജമാകും.

സംസ്ഥാനത്ത് പൊതുവില്‍ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നുവരികയാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആയിരം കോടി രൂപയുടെ കിഫ്ബി പദ്ധതിയിലൂടെ തുടക്കം കുറിച്ച പദ്ധതികള്‍ നിര്‍വഹണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്- മന്ത്രി പറഞ്ഞു.

രാജാകേശവദാസ നീന്തൽ കുളം, ഇ.എം.എസ്‌ സ്റ്റേഡിയം, ചെങ്ങന്നൂർ സ്റ്റേഡിയം എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.

എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എല്‍.എ, നഗരസഭാധ്യക്ഷ സൗമ്യാ രാജ്, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രധിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.