മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിന് നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നതിന് എസ്.പി.സി.എ(സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ്) മാനേജിംഗ് കമ്മറ്റി യോഗം ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. എസ്.പി.സി.എയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. വളര്‍ത്തുമൃഗങ്ങളുടെ രജിസ്ട്രേഷന്‍ കാര്യക്ഷമമാക്കും. വളര്‍ത്ത് മൃഗങ്ങള്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന വളര്‍ത്ത് മൃഗങ്ങള്‍ക്കുള്‍പ്പെടെ ഷെല്‍റ്റര്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതിലേക്കായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തും. ജില്ലയിലെ നഗരസഭകളും ഗ്രാമപഞ്ചായത്തുകളും അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ നടപടി സ്വീകരിക്കണം.

എസ്.പി.സി.എയുടെ ജില്ലാ കണ്‍വീനര്‍ ജില്ലാ വെറ്ററിനറി ഓഫീസറാണ്. മാനേജിംഗ് കമ്മിറ്റിയില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, ഡിസ്ട്രിക്ട് പോലീസ് ചീഫ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കോന്നി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ റാന്നി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍, ഡെപ്യുട്ടി ഡയറക്ടര്‍ പഞ്ചായത്ത്, മൃഗ പരിപാലന സംഘടന പ്രതിനിധികള്‍ എന്നിവര്‍ എസ്.പി.സി.എയുടെ ജില്ലാ മാനേജിംഗ് കമ്മറ്റിയില്‍ അംഗങ്ങളാണ്.