ഇടുക്കി :മുന്‍ഗണനാ റേഷന്‍കാര്‍ഡ് ജില്ലാതല വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.സംസ്ഥാനത്ത് പൊതുവിതരണ ശൃംഖല വളരെ ശക്തമാണ്. അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ സാധിക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. നൂതനമായ മാറ്റത്തിലൂടെ അനര്‍ഹരെ ഒഴിവാക്കി അര്‍ഹതയുള്ളവരെ പരിഗണിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തിഇരുപതിനായിരം ഒഴിവുകളാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി എന്ന നിലയില്‍ 2024 ഓടെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലയില്‍ 2466 മുന്‍ഗണന കാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 350 മുന്‍ഗണനാ കുടുംബങ്ങള്‍ക്കുള്ള റേഷന്‍കാര്‍ഡ് വിതരണമാണ് മന്ത്രി നിര്‍വഹിച്ചത്.

ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം റ്റി.ഇ നൗഷാദ്, ജില്ലാ സപ്ലൈ ഓഫീസര്‍ എ.കെ സതീഷ് കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍ ശ്രീദേവി, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.