കൊല്ലം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് വായ്പകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഓണ്‍ലൈനായി ചേര്‍ന്ന ബാങ്കിങ് നടപടിക്രമങ്ങളുടെ ജില്ലാതല അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. കാലതാമസം പരമാവധി ഒഴിവാക്കണം. അപേക്ഷകര്‍ക്ക് ഉണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ബാങ്ക് കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുംപങ്കെടുത്തു. ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ എ.ടി.എം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സൗകര്യപ്രദമായി ലഭ്യമക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലയിലെ ബാങ്കുകള്‍ വഴി അനുവദിച്ച വായ്പകളുടെ വിവരങ്ങള്‍, ബാങ്കുകളുടെ ഇതര പ്രവര്‍ത്തനങ്ങള്‍ എന്നിവയും വിലയിരുത്തി. ലീഡ് ബാങ്ക് മാനേജര്‍ ഡി.എസ്.ബിജുകുമാര്‍, ആര്‍.ബി.ഐ പ്രതിനിധി മിനി ബാലകൃഷ്ണന്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ ടി. കെ.പ്രേംകുമാര്‍, ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. സുനില്‍കുമാര്‍, ബാങ്കിംഗ് കോര്‍ഡിനേറ്റര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.