ഇടുക്കി :ജില്ലയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം പട്ടയം നല്‍കാന്‍ പ്രത്യേക ഡ്രൈവ് ആരംഭിക്കുമെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. കളക്ടറേറ്റില്‍ റവന്യു അധികൃതരുമായി ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കിയിലെ വിവിധ പ്രശ്‌നങ്ങളാല്‍ കാലങ്ങളായി പട്ടയം ലഭിക്കാത്ത അര്‍ഹതപ്പെട്ടവരെയെല്ലാം മൂന്ന് മാസങ്ങള്‍ കൊണ്ട് കണ്ടെത്താനുള്ള സ്‌പെഷ്യല്‍ ഡ്രൈവ് ആണ് ആരംഭിക്കുന്നത്. ലാന്‍ഡ് റവന്യു കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീം വകുപ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ ഉള്ളിലുള്ള പ്രശ്‌നങ്ങളാണെങ്കില്‍ വകുപ്പ് അതില്‍ തീരുമാനം എടുക്കും. മറ്റു വകുപ്പുകളുമായി ചര്‍ച്ച ചെയ്തു തീരുമാനം എടുക്കേണ്ടതാണെങ്കില്‍ അങ്ങനെയും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.

എല്ലാ ജില്ലകളിലും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ഈ സര്‍ക്കാരിന്റെ കാലത്ത് 5 വര്‍ഷത്തേക്കുള്ള ഒരു മിഷനാണ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യമാണ് വകുപ്പിനുള്ളത്. അതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചയും റവന്യു സെക്രട്ടറിയേറ്റു നടത്തും. ഒപ്പം 3 മാസം കൂടുമ്പോള്‍ കളക്ടര്‍മാരുടെ യോഗം നേരിട്ടും വില്ലേജ് ഓഫീസര്‍മാരുമായുള്ള യോഗം ഓണ്‍ലൈനായും നടത്തും.

ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്നുള്ളത്. അര്‍ഹതപ്പെട്ടവര്‍ക്കും ഭൂരഹിതര്‍ക്കും പട്ടയം നല്‍കും. കാലാവധി അവസാനിക്കുന്ന ഓഫീസുകള്‍ രണ്ടു വര്‍ഷത്തേക്ക് തുടരാന്‍ വേണ്ട നടപടികള്‍ കൈകൊള്ളും. ഇടുക്കി പോലെയുള്ള ജില്ലകളില്‍ നിര്‍ബന്ധിത ജോലി ചെയ്യാനുള്ള നിശ്ചിത കാലയളവ് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.