അടുത്ത ശബരിമല തീര്‍ഥാടന കാലത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള പോലീസിന്റെ ആദ്യഘട്ട പരിശോധന ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തി ല്‍ പൂര്‍ത്തിയായി. ജൂലൈ മൂന്ന്, ഏഴ് തീയതികളിലാണ് ളാഹ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. അപകടരഹിതമായ യാത്രയ്ക്കും സുഗമമായ ദര്‍ശനത്തിനും തീര്‍ഥാടകരെ സഹായിക്കത്തവിധമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പോലീസ് മുന്‍ഗണന നല്‍കുന്നത്. തീര്‍ഥാടകര്‍ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങള്‍, പാര്‍ക്കിംഗ് ഗ്രൗണ്ടു കള്‍, മകരജ്യോതി ദര്‍ശനത്തിനുള്ള പോയിന്റുകള്‍ എന്നിവിടങ്ങളിലെ നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് സംഘം വിലയിരുത്തുകയും അധികമായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെപ്പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു. ഈ റിപ്പോ ര്‍ട്ട് അടിയന്തര നടപടികള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനും മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉടന്‍ നല്‍കും.
മരക്കൂട്ടത്തുള്ള ക്യൂ കോംപ്ലക്‌സില്‍ തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ കഴിയുന്നവിധം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള വിശദമായ ശുപാര്‍ശ പോലീസ് തയാറാക്കി തുടങ്ങി. സന്നിധാനത്ത് വടക്കേനടയിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതിനുള്ള ശുപാര്‍ശ ദേവസ്വംബോര്‍ഡിന് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ       മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം തീര്‍ഥാടക സൗഹൃദമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് നേരത്തേതന്നെ ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ട പരിശോധനയി ല്‍ ജില്ലാ പോലീസ് മേധാവിക്കൊപ്പം ഡിവൈഎസ്പിമാരായ എസ്.റഫീക്ക്, കെ. എ.വിദ്യാധരന്‍, എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് കെ.സുരേഷ്, പമ്പ സിഐ. കെ. എസ്.വിജയന്‍, പോലീസിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.