കല്‍പ്പറ്റ: ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന മഴ കനത്തു. ഇതോടെ കബനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബീച്ചനഹള്ളി ഡാം റിസര്‍വോയറിന്റെ ഷട്ടറുകള്‍ തുറക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ മൈസൂരു ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴ കനത്ത സാഹചര്യത്തില്‍ ജില്ലയില്‍ എട്ടിടങ്ങളിലായി ദുരിതാശ്വാസ കേമ്പുകളും തുറന്നിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ ആറും സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും കേമ്പുകളാണ് തുറന്നത്. ഇവിടെ 92 കുടുംബങ്ങളില്‍ നിന്നും 353 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചീരാല്‍ വില്ലേജില്‍ ഏഴു കുടുംബങ്ങളെ സ്വകാര്യ കെട്ടിടത്തിലേക്കും പുല്‍പ്പള്ളി വില്ലേജില്‍ നാലു കുടുംബങ്ങളെ സമീപ പ്രദേശങ്ങളിലേക്കും മാറ്റി. വൈത്തിരി താലൂക്കില്‍ കോട്ടത്തറ വില്ലേജില്‍ മൂന്നും കാവുംമന്ദം, കല്‍പ്പറ്റ, വെങ്ങപ്പള്ളി വില്ലേജുകളില്‍ ഓരോ കേമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. കാവുംമന്ദത്ത് കാപ്പുവയല്‍ ജി.എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ കേമ്പില്‍ 12 കുടുംബങ്ങളില്‍ നിന്നായി 49 പേരാണുള്ളത്. കോട്ടത്തറയില്‍ കരിങ്കുറ്റി ജി.എച്ച്.എസ്, കോട്ടത്തറ ജി.എച്ച്.എസ്, ഇ.കെ നായനാര്‍ സ്മാരക നിലയം എന്നിവിടങ്ങളിലെ കേമ്പുകളിലായി യഥാക്രമം 72, 80, 41 പേര്‍ കഴിയുന്നു. വെങ്ങപ്പള്ളി വില്ലേജില്‍ തെക്കുംതറ അമ്മ സഹായം യു.പി സ്‌കൂളിലെ ദുരിതാശ്വാസ കേമ്പിലേക്ക് പ്രദേശത്തെ 14 കുടുംബങ്ങളില്‍ നിന്നായി 63 പേരെയും മാറ്റിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ മുണ്ടേരി ജി.എച്ച്.എസിലെ കേമ്പില്‍ 12 കുടുംബങ്ങളില്‍ നിന്നായി 50 പേര്‍ കഴിയുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.