‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ വ്യവസായവുമായി ബന്ധപ്പെട്ട 88 അപേക്ഷകൾ തീർപ്പാക്കിയതായി വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. മീറ്റ് ദി മിനിസ്റ്റർ’ പരിപാടിക്കുശേഷം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ

ലഭിച്ചത് ആകെ 187 പരാതികളാണ്. 160 പരാതികളാണ് മുൻപ് ലഭിച്ചത്. 9 പൊതു നിവേദനങ്ങളും ലഭിച്ചു. 15 പരാതികൾ അദാലത്തിൽ നേരിട്ട് ലഭിച്ചു. അദാലത്തിൽ പെടാത്ത മൂന്ന് നിവേദനവുമുണ്ട്.
51പരാതികൾ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട നടപടികൾക്കായി നിർദ്ദേശിച്ചു. 11 പരാതികൾ സർക്കാർ തലത്തിൽ നയപരമായ തീരുമാനമെടുക്കേണ്ടവയാണെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലയിൽ കൂടുതൽ യുവജന- സ്ത്രീ വ്യവസായികൾ കടന്നു വരുന്നത് ശ്രദ്ധയിൽ പെട്ടതായി മന്ത്രി ചൂണ്ടിക്കാട്ടി. ബാങ്കുകളുമായും ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട പരാതികളാണ് ജില്ലയിൽ കൂടുതൽ ലഭിച്ചിട്ടുള്ളത്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ ബാങ്കുകളുടെ സമീപനം വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിൽ ബാങ്ക് ഉദ്യോഗസ്ഥരുടേയും വ്യവസായ സംരംഭകരുടെയും യോഗം ഒക്ടോബർ 13ന് ചേരുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ, കാനറാ ബാങ്ക് എ.ജി.എം, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വ്യവസായ സംരംഭകരും യോഗം ചേരും. വ്യവസായ വകുപ്പിന്റെ ഹൈക്കോടതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.

കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട 1843 ഏക്കർ ഭൂമി ഏറ്റെടുപ്പ് ഡിസംബറിൽ പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും വകുപ്പു മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറി മാരുടെയും നേതൃത്വത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട പുരോഗതി കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ ഒക്ടോബർ ആദ്യ വാരം ആരംഭിക്കും.

ജില്ലയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ ആധുനികവൽക്കരിക്കുന്നതിനായി
വ്യവസായ വകുപ്പ് ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിൽ ജില്ലാ വ്യവസായ കേന്ദ്രം പ്രൊജക്റ്റ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

ബെമലിന് സർക്കാർ വിട്ടു നൽകിയ ഭൂമി തിരിച്ചെടുക്കുമെന്നും മന്ത്രി അറിയിച്ചു. വ്യവസായം ആരംഭിക്കാത്ത മുഴുവൻ ഭൂമിയും തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ. ഇളങ്കോവൻ, എ. പി. എം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടർ എസ്. ഹരികിഷോർ, കെ.എസ്.ഐ.ഡി.സി എം.ഡി. രാജമാണിക്യം, കിൻഫ്ര എം.ഡി സന്തോഷ് കോശി, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.