ജില്ലയുടെ വ്യവസായ വളര്‍ച്ചക്കുതകുന്ന പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ മാര്‍ പങ്കെടുത്തു. മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയുടെ ഭാഗമായാണ് മന്ത്രി എം.എല്‍.എ മാരുമായി ചര്‍ച്ച നടത്തിയത്. കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യ വര്‍ദ്ധിത സംരംഭം മുതല്‍ വ്യവസായ ഇടനാഴിയും ചെറുകിട വ്യവസായങ്ങളും വരെയുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികള്‍ക്ക് അവരുടെ സ്ഥലത്ത് സ്വന്തമായി വ്യവസായം തുടങ്ങാന്‍ അനുമതി നല്‍കണമെന്നും കോച്ച് ഫാക്ടറിക്കായി അനുവദിച്ച വ്യവസായ ഇടനാഴിക്ക് സമീപമുള്ള സ്ഥലം തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പറഞ്ഞു. ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന 120 എക്കര്‍ സ്ഥലത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കണമെന്നും ബെമല്‍ സ്ഥിതി ചെയ്യുന്ന 360 ഏക്കറില്‍ 340 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരംഭങ്ങള്‍ ആരംഭിക്കണമെന്നും എ.പ്രഭാകരന്‍ എം.എല്‍.എ പറഞ്ഞു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ 43 ഇരുമ്പുരുക്ക് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രദേശത്ത് വൈദ്യുത പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കണം. വ്യവസായ വകുപ്പ് അനുവദിച്ചതും വ്യവസായം നടക്കാത്തതുമായ സ്ഥലങ്ങൾ തിരിച്ചെടുത്ത് പുതിയ സംരംഭകര്‍ക്ക് നല്‍കണമെന്നും യോഗത്തില്‍ എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടു.
പട്ടാമ്പി മേഖലയില്‍ സ്‌ക്രാപ്പ് ബിസിനസ് ശാസ്ത്രീയമായി നടത്തുന്നതിന് വ്യവസായ പാര്‍ക്ക് ആരംഭിക്കുകയാണെങ്കില്‍ ഏറെ സാധ്യതകളുണ്ട്. കൊപ്പം പഞ്ചായത്തില്‍ സ്ഥലം ഏറ്റെടുത്ത് നടപടികള്‍ വേഗത്തിലാക്കണമെന്നും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പറഞ്ഞു.
നെന്മാറ മേഖലയില്‍ വളര്‍ന്നു വരുന്ന തുണി വ്യവസായം വ്യവസായ വകുപ്പിനു കീഴില്‍ ഏകോപിപ്പിച്ചാല്‍ ആയിരത്തിലേറെ സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗമാകും. കൂടാതെ മുതലമട കേന്ദ്രീകരിച്ചുള്ള കാര്‍ഷിക വ്യവസായത്തിന് വലിയ സാധ്യതയുണ്ട്. നിലവില്‍ കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ അംഗീകാരം ലഭിച്ചാല്‍ മൂല്യവര്‍ദ്ധിത ഉത്പപന്നങ്ങള്‍ നിര്‍മിക്കുന്ന ഹബ്ബ് ആരംഭിക്കാനാകുമെന്ന് കെ.ബാബു എം.എല്‍.എ പറഞ്ഞു.
കോങ്ങാട് മേഖലയില്‍ നേന്ത്രവാഴ, തേങ്ങ, ചക്ക എന്നീവയുടെ ഉത്പാദനം വലിയ രീതിയില്‍ നടക്കുന്നുണ്ട്. ഇവയുടെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത് ഏറെ സാധ്യതയുള്ളതായിരിക്കുമെന്ന് അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ പറഞ്ഞു.
ഒറ്റപ്പാലം ഫയര്‍ സ്റ്റേഷനകത്ത് വ്യവസായങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുക, സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ താലൂക്ക് തലത്തില്‍ പരിശീലനം നല്‍കുക, എല്ലാ നിയോജക മണ്ഡലങ്ങളിലും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ എന്നീ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ എം.എല്‍.എ മാര്‍ മുന്നോട്ടു വെച്ചു.
ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് നവീകരിക്കുന്നതിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവിടേക്കാവശ്യമായ അസംസ്‌കൃത വസ്തുവായ ഇരുമ്പ് പേരാമ്പൂരില്‍ നിന്നും നേരിട്ട് ലേലം ചെയ്‌തെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് കെ.മമ്മിക്കുട്ടി എം.എല്‍.എ പറഞ്ഞു. കൂടാതെ മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ മെറ്റല്‍ ഇന്‍ഡസ്ട്രിയുടെ ചരിത്രം, നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടത്തുന്ന മെറ്റല്‍ പാര്‍ക്ക് ഏറെ ടൂറിസം സാധ്യതയുള്ളതാണെന്നും എം.എല്‍.എ പറഞ്ഞു.
കൂടാതെ ഭിന്നശേഷിക്കാരെ പരിഗണിക്കുന്ന രീതിയിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുക, വനിതാ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നീ ആവശ്യങ്ങളും എം.എല്‍.എ മാര്‍ ഉന്നയിച്ചു.
ഖാദി ബോര്‍ഡ്, കയര്‍ ബോര്‍ഡ്, കോപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവയ്ക്ക് കീഴില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്നതിനനുസരിച്ച് വ്യവസായങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ മാരായ എ.പ്രഭാകരന്‍, കെ.മമ്മിക്കുട്ടി, കെ.പ്രേംകുമാര്‍, അഡ്വ.കെ.ശാന്തകുമാരി, പി.പി.സുമോദ്, ഷാഫി പറമ്പില്‍, കെ.ബാബു, മുഹമ്മദ് മുഹ്‌സിന്‍ , വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി ഡയറക്ടര്‍ എം.ജി രാജമാണിക്യം, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.