വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ വടകരപ്പതി പഞ്ചായത്തിലെ പ്ലൈവുഡ് സ്ഥാപനത്തിലേക്കുള്ള റോഡുമായി ബന്ധപ്പെട്ട പരാതിയിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വനിതാ സംരംഭകർ ചേർന്ന് നടത്തുന്ന സ്ഥാപനത്തിലേക്കുള്ള പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കയ്യേറുകയും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ആവാത്ത വിധം റോഡ് ശോചനീയാവസ്ഥയിലുമാണ്. പ്രദേശത്ത് ധാരാളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വ്യവസായ സംരംഭകർക്കുള്ള സാധനങ്ങൾ കൊണ്ട് പോകുന്നതിനുള്ള വാഹനങ്ങൾക്ക് വരാൻ പറ്റാത്ത സ്ഥിതിയായതോടെയാണ് വനിതാകൂട്ടായ്മ മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ പരാതിയുമായി എത്തിയത്.
പരാതി പരിശോധിച്ച മന്ത്രി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മന്ത്രി ഇടപെട്ടതോടെ റോഡിന്റെ ശോചനീയാവസ്ഥ തീർന്ന് സംരംഭം നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ വനിതാകൂട്ടായ്മ.