സംസ്ഥാന സർക്കാരിന്റെ വ്യവസായ സമീപനം സ്വാഗതം ചെയ്ത് ജില്ലയിലെ സംരംഭകരും നിക്ഷേപകരും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജില്ലയിലെ തൊഴിൽ സാധ്യതകൾ, വ്യവസായ സംരംഭകരുടെ ആവശ്യകതകൾ സംബന്ധിച്ച് ചർച്ച ചെയ്തു.

ജില്ലാതലത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് ലെയ്സൻ ഓഫീസറെ നിയോഗിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. 100 കോടി നിക്ഷേപമുള്ള സംരംഭകരുമായി ‘മീറ്റ് ദി ഇൻവെസ്റ്റർ’ യോഗം ചേരും.

താലൂക്ക്തല വ്യവസായ ഓഫീസുകളെ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളാക്കും. ഇതിന്റെ ഭാഗമായി ജനറൽ മാനേജർമാർക്ക് പരിശീലനം നൽകും.

കഞ്ചിക്കോട് വ്യവസായ മേഖലയിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നം പരിശോധിച്ച് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

15 ഏക്കറിന് താഴെ സ്ഥലമുള്ളവർക്ക് വ്യവസായ പാർക്ക് തുടങ്ങുന്നതിന് വേണ്ട സഹകരണം സർക്കാർ നൽകും. വായ്പാ കാലാവധി നീട്ടി പലിശ കുറയ്ക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും.

പരമാവധി നിക്ഷേപം, പരമാവധി തൊഴിൽ, ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് നടപ്പാക്കുന്നതിന് വ്യവസായ മേഖലയിലെ സംഘടനകളുമായും സംഘടനാ അംഗങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്. കൂടുതൽ തൊഴിൽ സാധ്യതകൾ സ്യഷ്ടിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ഒരു സംരംഭം തുടങ്ങുന്നതിന് എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. അതേസമയം, കാലഹരണപെട്ട നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൂടുതലായുള്ള സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട – ഇടത്തര സംരംഭങ്ങളിലേക്ക് എത്തിക്കണം. മികച്ച വ്യവസായികൾക്കും വ്യവസായ സംരംഭങ്ങൾക്കും അവാർഡ് നൽകുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ നടന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. കെ. ഇളങ്കോവൻ, മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം, വ്യവസായ വാണിജ്യ ഡയറക്ടർ എസ്. ഹരികിഷോർ, ജില്ലാ കലക്ടർ മൃൺമയി ജോഷി, കിൻഫ്ര എം.ഡി സന്തോഷ് കോശി, ജില്ലയിലെ വ്യവസായ സംരംഭകർ, നിക്ഷേപകർ എന്നിവർ പങ്കെടുത്തു.

വ്യവസായ പുരോഗതിക്ക് നയപരമായ നിർദ്ദേശങ്ങൾ നൽകി സംരംഭകർ

ജില്ലയിലെ വ്യവസായ പുരോഗതിക്ക് നയപരമായ നിർദ്ദേശങ്ങളാണ് വ്യവസായ സംരംഭകർ മുന്നോട്ട് വെച്ചത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം ഉറപ്പാക്കുക, കേരളത്തിലെ വ്യവസായ പോളിസികൾ താഴെതട്ടിൽ എത്തിക്കുക, വ്യവസായ ഓഫീസുകൾക്ക് നിശ്ചിത ടാർഗറ്റ് നൽകുക, പ്രീ- കൺസ്ട്രക്ഷൻ വേളയിൽ ഇളവുകൾ അനുവദിക്കുക, നിക്ഷേപകരുടെ എംപാനൽ സംവിധാനം കൊണ്ടുവരുക, ഫയർഫോഴ്സിൽ നിന്നും എൻ.ഒ.സി ലഭിക്കുന്നതിനുള്ള നടപടികളിൽ ഇളവ് നൽകുക, ടൂറിസം- വ്യവസായ വകുപ്പുകളെ ബന്ധിപ്പിച്ചുള്ള യോഗങ്ങൾ ചേരുക തുടങ്ങിയ നിർദ്ദേശങ്ങൾ ജില്ലയിലെ സംരംഭകർ മുന്നോട്ടുവച്ചു.

ബിസിനസ്സ് ആരംഭിക്കാൻ സംരംഭകരെ സഹായിക്കുന്നതിനുള്ള സംസ്ഥാന സർക്കാറിന്റെ ഓൺ‌ലൈൻ സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനം, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി തുടങ്ങിയ കെ-ഡിസ്ക് തൊഴിലവസര പോർട്ടൽ പദ്ധതി തുടങ്ങിയവയ്ക്ക് സംരംഭകരുടെ ഇടയിൽ മികച്ച പ്രതികരണമാണ് ഉണ്ടായത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്