മലപ്പുറം :ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഗാന്ധി ജയന്തി വാരാഘോഷത്തിന്റെയും ജില്ലാതല പരിപാടികള്‍ക്ക് തിരുന്നാവായയില്‍ തുടക്കമായി. പരിപാടികളുടെ ഭാഗമായി കെ.എം.സി.ടി പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥികള്‍ ഗാന്ധി സ്തൂപം സ്ഥിതി ചെയ്യുന്ന പ്രദേശം ശുചീകരിച്ചു. റി എക്കൗ അഡൈ്വസറി ബോര്‍ഡ് അംഗം കെ.പി അലവി ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ടി.പി ജാസിര്‍, വാഹിദ് പല്ലാര്‍, ഉമ്മര്‍ ചിറക്കല്‍, ഗിരീഷ് മാസ്റ്റര്‍, ഹസീബ്, ജാഷിം എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ഞനം ചെയ്ത പ്രധാന സ്ഥലങ്ങളിലൊന്നായ തിരുന്നാവായയില്‍ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, സാംസ്‌കാരിക വകുപ്പ്, നെഹ്റു യുവ കേന്ദ്ര, റി എക്കൗ, കെ.എം.സി.ടി പോളിടെക്‌നിക് കോളജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഒക്ടോബർ രണ്ട് രാവിലെ 10ന് തിരുന്നാവായ ഗാന്ധി പ്രതിമയില്‍ ജില്ലാ വികസന കമ്മീഷണര്‍ പ്രേം കൃഷ്ണന്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍, ഗാന്ധിമാര്‍ഗ പ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഗാന്ധി സമൃതി യാത്ര സംഘടിപ്പിക്കും. സ്മൃതി യാത്ര ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ എടശ്ശേരി ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുത്തി റോഡിലുള്ള എം.എം.ടി ഹാളില്‍ സമാപിക്കുന്ന സ്മൃതി യാത്രയോടനുബന്ധിച്ച് സെമിനാറുകള്‍ ഉള്‍പ്പടെ വിവിധ പരിപാടികള്‍ നടക്കും. പരിപാടികള്‍ ജില്ലാ വികസന കമ്മീഷണര്‍ പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കൊട്ടാരത്തില്‍ അധ്യക്ഷയാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് ശുചിത്വ മിഷന്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സണ്‍ വി.സി ശങ്കരനാരായണന്‍ ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ എടശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനിഗോഡ്‌ലീഫ്, എം.പി മുഹമ്മദ് കോയ, തിരുന്നാവായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മുസ്തഫ, സ്ഥിരം സമിതി ചെയര്‍മാന്‍ ആയപ്പള്ളി നാസര്‍, വാര്‍ഡ് അംഗങ്ങളായ കെ.പി ലത്തീഫ്, സി.വി അനീഷ ടീച്ചര്‍, ഇ.പി മൊയ്തീന്‍കുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, എന്‍.വൈ.കെ ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന്‍, തിരൂര്‍ എ.ഇ.ഒ പി.വി സുരേന്ദ്രന്‍, സര്‍വോദയ കമ്മിറ്റി അംഗം മുഹമ്മദലി മുളക്കല്‍, കെ.എം.സി.ടി പോളിടെക്‌നിക് കോളജ് എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ടി.പി ജാസിര്‍, മാമാങ്കം സ്മാരകം കെയര്‍ ടേക്കര്‍ ചിറക്കല്‍ ഉമ്മര്‍, റി എക്കൗ പ്രസിഡന്റ് സി. ഖിളര്‍, സെക്രട്ടറി സതീഷന്‍ കളിച്ചാത്ത് എന്നിവര്‍ പങ്കെടുക്കും.