ഇടുക്കി :ഇടുക്കി ജില്ല നേരിടുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് താത്കാലിക പരിഹാരമല്ല സമഗ്രമായ തീര്‍പ്പാണ് വേണ്ടതെന്ന് വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇടുക്കി ജില്ലയിലെ വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, പട്ടയം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത കര്‍ഷക സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത് പല ജില്ലകളിലും ആരംഭിച്ച ജനകീയ ജാഗ്രതാ സമിതി ഇടുക്കി ജില്ലയിലും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതനുസരിച്ചു പൊതു ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. ഒട്ടനവധി നിര്‍ദേശങ്ങള്‍ ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വന്യ മൃഗങ്ങള്‍ ജനവാസ മേഖലയില്‍ കൃഷി ഭൂമി നശിപ്പിക്കുന്നത് ജില്ല നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ഇവയെ കൊന്നു കളയുക എന്നത് പ്രായോഗികമായ നടപടിയല്ല. അതിനായി സുരക്ഷ വേലികള്‍ ത്രിതല പഞ്ചായത്ത് അതിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ തയ്യാറാകണം. കൂടാതെ വനസംരക്ഷണ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തണം. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരമാവധി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് റവന്യു -വനം വകുപ്പുകള്‍ തമ്മില്‍ കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു.
വന്യ ജീവി സംരക്ഷണവും പ്രധാനമാണ്.ആര്‍ക്കും എവിടെയും വന്യ മൃഗങ്ങളെ വെടി വെച്ച് കൊല്ലാനുള്ള അനുമതി നല്‍കാനാവില്ല. അതു പ്രയോഗികവുമല്ല.ഈ പ്രശ്‌നത്തില്‍ ഗ്രാമ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ തോക്ക് ലൈസന്‍സ് ഉള്ള ആളുകളുടെ പാനല്‍ തയാറാക്കും. അംഗീകൃത പാനലില്‍ ഉള്ളവര്‍ക്ക് വനം വകുപ്പിനെയും പഞ്ചായത്തിനെയും അറിയിച്ചു കാട്ടുപന്നികളെ വെടിവച്ചു കൊല്ലാം. അതു ബന്ധപെട്ടവരുടെ സാന്നിധ്യത്തില്‍ സംസ്‌കരിക്കണം. വരുന്ന ആഴ്ച മുതല്‍ ഇത് നടപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഇതിനായി ജില്ലാ കളക്ടര്‍, ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മാരുടെ യോഗം വിളിക്കുമെന്നു മന്ത്രി കൂട്ടി ചേര്‍ത്തു.

നിയമ വിരുദ്ധമായ നടപടികള്‍ ആര് കൈകൊണ്ടാലും സര്‍ക്കാര്‍ നോക്കിനില്‍ക്കില്ല. ജണ്ട ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ ഒരിക്കല്‍ എടുത്ത തീരുമാനത്തില്‍ പുനപരിശോധന ആവശ്യമെങ്കില്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്തു മാത്രം അടുനുള്ള നടപടികള്‍ എന്നും മന്ത്രി കര്‍ഷക സംഘടനകളോട് പറഞ്ഞു.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷക പ്രാതിനിത്യം കുറവാണ് . ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ ഇരട്ടി തുക ഈ ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കും. ഇതിന്റെ സാധ്യതകള്‍ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ചയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.