മലപ്പുറം: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാനത്തൊട്ടാകെ നിര്‍മിച്ചു നല്‍കുന്ന 25 വീടുകളുടെ താക്കോല്‍ സമര്‍പ്പണത്തിന്റെ ഉത്തരമേഖലാതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പാര്‍പ്പിടരംഗത്ത് ക്രിയാത്മകമായ ഇടപടലുകള്‍ നടത്തിവരുന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2017-18 വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഇതുവരെ വിവിധ ഭവന പദ്ധതികളിലൂടെ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം 463 വീടുകളാണ് നിര്‍മിച്ചതെന്നും വിദ്യാര്‍ഥികളെ മാനവികമൂല്യങ്ങളില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ എന്‍.എസ്.എസിന് കഴിയുന്നു എന്നത് ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി അധ്യക്ഷനായി. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ മുഖ്യസന്ദേശം നല്‍കി. പദ്ധതിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീം മലപ്പുറം ഈസ്റ്റ് ജില്ലയുടെ നേതൃത്വത്തില്‍ തിരുവാലി ചാത്തക്കാട് നിര്‍മിച്ച നാല് സ്‌നേഹ ഭവനങ്ങളുടെ താക്കോല്‍ദാനം എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കവളപ്പാറ സ്വദേശിനി ബേബി, എടക്കര സ്വദേശി വര്‍ഗീസ് തോമസ്, വള്ളിക്കാപ്പറ്റ സ്വദേശി ഋതിക ബസു, തിരുവാലി സ്വദേശി അഖില എന്നിവര്‍ക്കാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഭവന നിര്‍മാണത്തിനായി സൗജന്യമായി സ്ഥലം നല്‍കിയ തിരുവാലി സ്വദേശി സുരേഷ് കടമ്പത്തിനെ ആദരിച്ചു.

ജില്ലയിലെ 87 യൂണിറ്റുകളിലെ 8,700 വളണ്ടിയര്‍മാരുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ സ്‌ക്രാപ് ചലഞ്ചിലൂടെ കണ്ടെത്തിയ തുക ഉപയോഗിച്ചാണ് നാല് വീടുകള്‍ നിര്‍മിച്ചത്. 2019 ല്‍ നിലമ്പൂര്‍ മേഖലയിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ട ഘട്ടത്തിലാണ് ഭവന നിര്‍മാണ പദ്ധതിയുമായി എന്‍.എസ്.എസ് ജില്ലാ നേതൃത്വം മുന്നിട്ടിറങ്ങുന്നത്. സ്‌ക്രാപ് ചലഞ്ചിലൂടെ പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്‍പന നടത്തി ലഭിച്ച 26 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന് ‘മഴവില്‍ സൗഹൃദ ഗ്രാമം’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.കുഞ്ഞി മുഹമ്മദ്, തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കോമളവല്ലി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എം.മണി, എസ്.എസ്.എ ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ ഇ.ടി. രാകേഷ്, ബി.പി.സി.വണ്ടൂര്‍ എം. മനോജ്, വീട് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ പി. ശശികുമാര്‍, പി.എ.സി. എടക്കര ക്ലസ്റ്റര്‍ ഉമ്മന്‍ മാത്യു, ഭവന നിര്‍മാണം കണ്‍വീനര്‍ ഇ. ബിനീഷ്, എന്‍.എസ്.എസ് ഉത്തരമേഖല കണ്‍വീനര്‍ മനോജ്കുമാര്‍ കണിച്ചുകുളങ്ങര തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.