തൃശൂര്‍ :സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കിയുള്ള ശുചിത്വ ഭാരതം ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍
ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. മാലിന്യത്തില്‍ നിന്ന് നാം ശുചിത്വത്തിലേയ്ക്ക് മാറണമെന്ന് പി കെ ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. മാലിന്യം എന്നത് സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷണമുള്ള ഒന്നായി ഇന്നുമാറി. മാലിന്യ
നിര്‍മാര്‍ജ്ജനത്തിന് നാം സാങ്കേതികത അവലംബിക്കണം. നമ്മുടെ മാലിന്യം സംസ്‌കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി കരുതണം. മാലിന്യ
സംസ്‌കരണത്തെ ജീവിതത്തിന്റെ ഭാഗമാക്കണം. മാലിന്യപ്രശ്‌ന പരിഹാരത്തിന് ഓരോരുത്തരും സ്വയം തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസിസ്റ്റന്റ് കലക്ടര്‍ സുഫിയാന്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മാലിന്യ സംസ്‌കരണ ബോധവും പരിസര ശുചിത്വവും ഉള്‍ക്കൊള്ളുന്ന ഒരു ജനത ഉയര്‍ന്നുവരണമെന്നും അതിന് സ്‌കൂള്‍, കോളേജ് തലങ്ങളില്‍ നിന്ന് മാതൃകകള്‍ ഉണ്ടാവണമെന്നും അസിസ്റ്റന്റ് കലക്ടര്‍ സൂചിപ്പിച്ചു. ചടങ്ങില്‍ വളണ്ടിയര്‍മാര്‍ക്കുള്ള മാലിന്യശേഖരണ ക്യാരി ബാഗുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. ക്യാമ്പയിനിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുക, പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും ശുചിയാക്കുക, കുളങ്ങള്‍ മറ്റ് ജലാശയങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക തുടങ്ങി പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുക. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശുചിത്വ ഭാരതം ക്യാമ്പയിന്‍ ഒക്ടോബര്‍ 31 വരെ നീണ്ടു നില്‍ക്കും.
ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി എസ് ശുഭ, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍, കുടുംബശീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ടി വി ബിനു എന്നിവര്‍ മാലിന്യ സംസ്‌കരണം, ശുചിത്വം, സാമൂഹിക കൂട്ടായ്മ, കുട്ടികളിലെ ശുചിത്വബോധം, മാലിന്യ സംസ്‌കരണ വിഷയം എന്നിവയില്‍ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഫാദര്‍ ഡോ.കെ എ മാര്‍ട്ടിന്‍ സ്വച്ഛതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃശൂര്‍ നെഹ്‌റു യുവകേന്ദ്ര ഓര്‍ഗനൈസര്‍ നന്ദകുമാര്‍, സെന്റ് തോമസ് കോളേജ് എന്‍ എന്‍ എസ് പ്രോഗ്രാം ഓഫീസര്‍ രഞ്ജിത് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.