പാലക്കാട്: പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ശുചിത്വ ഭാരത ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. നെഹ്‌റു യുവകേന്ദ്രയുടെ ആഭ്യമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ 350 ഓളം വരുന്ന യുവതീ യുവാക്കള്‍ പാലക്കാട് നഗര വീഥികള്‍ പ്ലാസ്റ്റിക്ക് മാലിന്യ വിമുക്തമാക്കി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ശുചിത്വ ഭാരത ക്യാമ്പയിനിന്റെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. പാലക്കാട് സബ് കലക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ് അധ്യക്ഷനായി.

ശുചീകരണത്തില്‍ രണ്ടു ലോറി മാലിന്യങ്ങളാണ് ശേഖരിച്ചത്. നഗരസഭാ പരിസരത്ത് ശേഖരിച്ച മാലിന്യങ്ങള്‍ നഗരസഭാ ആരോഗ്യ വിഭാഗം നീക്കം ചെയ്തു. ഏറ്റവും കൂടുതല്‍ മാലിന്യം ശേഖരിച്ച ക്ലബുകള്‍ക്കും അക്കാഡമികള്‍ക്കും വി.കെ.ശ്രീകണ്ഠന്‍ എം.പി പ്രഖ്യാപിച്ച 5000, 3000, 2000 രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആറ് അക്കാഡമികളാണ് ക്യാമ്പയിനില്‍ പങ്കെടുത്തത്.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലായൊട്ടാകെ യൂത്ത് ക്ലബുകളുടെ നേതൃത്വത്തില്‍ മാലിന്യശേഖരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പൊതു സ്ഥാപനങ്ങള്‍, പൊതുകുളങ്ങള്‍ എന്നിവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നാഷണല്‍ സര്‍വീസ് സ്‌ക്കിം, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, മറ്റു സന്നദ്ധസംഘടനകള്‍ എന്നിവയുടെയും സഹകരണത്തോടെ മാലിന്യവിമുക്തമാക്കും

നെഹ്‌റു യുവകേന്ദ്ര സംഘാതന്‍ സംസ്ഥാന ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്മിതേഷ്, നെഹ്‌റു യുവകേന്ദ്ര ഡെപ്യുട്ടി ഡയറക്ടര്‍ എം അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.രാമന്‍ കുട്ടി, മുനിസിപ്പല്‍ അസി.സെക്രട്ടറി ബെന്നി, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ കല്യാണ കൃഷ്ണന്‍, ശുചിത്വ കേരളം പ്രോഗ്രാം ഓഫീസര്‍ എ. ഷെരീഫ്, എന്‍.കര്‍പ്പകം, എസ്. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.