കൊല്ലം: ജില്ലാ ശുചിത്വ മിഷന്റ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ശുചിത്വ നിലവാര പരിശോധനയ്ക്കും ഹരിതചട്ട പാലന തല്‍സ്ഥിതി ഓഡിറ്റിംഗിനും തുടക്കമായി. ഒക്ടോബര്‍ 15 വരെ ജില്ലയിലാകെ നടക്കുന്ന പരിശോധനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വ്വീണ്‍ നിര്‍വ്വഹിച്ചു. ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ തൊടിയൂര്‍ രാധാകൃഷ്ണന്‍, എല്‍. ഷൈലജ, ലേഖ, അഭിലാഷ്, പ്രിയ എന്നിവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ശുചിത്വ സ്ഥിതി, സ്ത്രീ സൗഹൃദ നിലവാരം, ടോയ്‌ലറ്റുകളുടെ അവസ്ഥ, ഹരിത പ്രോട്ടോക്കോള്‍ പാലനം, ജൈവ, അജൈവ മാലിന്യ നീക്കങ്ങളും സംസ്‌കരണ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതിയും തുടങ്ങിയവ സംബന്ധിച്ച പരിശോധനയും റിപ്പോര്‍ട്ട് തയ്യാറാക്കലുമാണ് നടത്തുന്നത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലേക്ക് ഉയര്‍ത്തി തല്‍സ്ഥിതി പരിപാലിക്കുന്നതിനും ഹരിത പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും ആവശ്യമായ നടപടികള്‍ ജില്ലാ ശുചിത്വമിഷന്റെ ഏകോപനത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏറ്റെടുക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
