പാലക്കാട്: ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ ഒക്ടോബര്‍ 2 ന് ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനം നടത്തും. ഖര-ദ്രവ മാലിന്യ സംസ്‌കരണത്തില്‍ മികച്ച സംവിധാനങ്ങളൊരുക്കി ഗ്രാമീണ മേഖലയില്‍ വൃത്തിയുള്ള പൊതുയിടങ്ങള്‍ ഒരുക്കിയാണ് ഒ.ഡി.എഫ് പദവി ലഭ്യമായത്. ശ്രീകൃഷ്ണപുരം, വെള്ളിനേഴി, കാരാകുറിശ്ശി, കരിമ്പുഴ, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, പെരുവെമ്പ്, നെന്മാറ, പല്ലശ്ശന, അകത്തേത്തറ, പുതുപ്പരിയാരം, കൊടുമ്പ്, ആലത്തൂര്‍, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, തച്ചമ്പാറ, കോട്ടോപ്പാടം, മണ്ണൂര്‍, മുണ്ടൂര്‍, നല്ലേപ്പിള്ളി, മുതുതല, കപ്പൂര്‍, പെരുമാട്ടി എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഒക്ടോബര്‍ രണ്ടിന് ഒ.ഡി.എഫ് പ്ലസ് പദവി പ്രഖ്യാപനം നടത്തുന്നത്. ഇതില്‍ 17 ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ആറ് പഞ്ചായത്തുകള്‍ ഭാഗികമായും (ഒരു വില്ലേജ്) ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനം നടത്തും. ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകള്‍ ഒ.ഡി.എഫ് പ്ലസ് പദവി കരസ്ഥമാക്കിയതിനാല്‍ ശ്രീകൃഷ്ണപുരം  ബ്ലോക്ക് പഞ്ചായത്ത് ജില്ലയിലെ ആദ്യത്തെ ഒ.ഡി.എഫ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപനം നടത്തും. ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനത്തിന്റെ മുന്നോടിയായി ജില്ലാ ശുചിത്വ-ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന്  വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരുന്നു.  മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വില്ലേജ് തലത്തില്‍ ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്‍ ജിയോ ടാഗിംഗും  സര്‍വ്വെയും നടത്തിയതിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ട പ്രഖ്യാപനം നടത്തുന്നത്.

മാനദണ്ഡങ്ങള്‍

എല്ലാ വീടുകളിലും  ഉപയോഗ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കുക, പൊതുയിടങ്ങള്‍ വൃത്തിയുള്ളതും മലിനജലം-പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ ഇല്ലാതെ സംരക്ഷിക്കുക, സ്‌കൂളുകള്‍, വീടുകള്‍, അങ്കണവാടികള്‍, മറ്റു പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജൈവ-അജൈവ-ദ്രവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കുക, വില്ലേജ് തലത്തില്‍ പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും ശേഖരിക്കുന്നതിനും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ (എം.സി.എഫ്) സംവിധാനം ഒരുക്കുക, കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ ഒരുക്കുക, ഹരിതകര്‍മ്മ സേനയുടെ വാതില്‍പ്പടി സേവനം ലഭ്യമാക്കുക,   തുടങ്ങിയവയാണ് ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങള്‍.

ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും 2022 മാര്‍ച്ച്  31 നകം സമ്പൂര്‍ണ്ണ ഒ.ഡി.എഫ് പ്ലസ് പദവി നേടുകയാണ് ലക്ഷ്യമെന്ന്  ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് അറിയിച്ചു.