പാലക്കാട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഇടങ്ങളിലും അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നടത്തി. രണ്ട് ദിവസങ്ങളിലായി മലമ്പുഴ, പോത്തുണ്ടി ഡാം ഉദ്യാനങ്ങള്‍, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡന്‍സ് പാര്‍ക്ക്, തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നിവിടങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്. നാല് കേന്ദ്രങ്ങളിലായി 200 പേര്‍ക്ക് പരിശീലനം നല്‍കി.

കഴിഞ്ഞ ദിവസം മലമ്പുഴ ഡാം ഉദ്യാനത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം എ.പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഹീലിംഗ് ഹാന്‍ഡ്‌സ് ഫൗണ്ടേഷന്‍ സി.ഇ. ഒ എ.കെ ശ്രീജിത്, ഓപ്പണ്‍ ഗ്രില്‍ ഹോട്ടല്‍സ് ഉടമ നിയാസ്, ഫോര്‍ ആന്റ് സ്‌ക്വയര്‍ റസിഡന്‍സി ഉടമ ഖാലിദ്, കെ.ടി.ഡി.സി മാനേജര്‍ സുജില്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് നടന്ന പരിശീലന പരിപാടി കെ.പ്രേംകുമാര്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.